കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തില്‍ മുങ്ങി; ട്രാക്ടറുകള്‍ തടഞ്ഞു, ദില്ലി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു
ദില്ലി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പലയിടത്തും സംഘര്‍ഷം. ട്രാക്ടറുമായി എത്തിയ കര്‍ഷകരെ പോലീസ് ഫരീദാബാദിനടുത്ത് വച്ച് തല്ലിച്ചതച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും വീഡിയോ പുറത്തുവിട്ടു. അനുമതി നല്‍കിയ വഴി വിട്ട് മറ്റു വഴികളിലൂടെ കര്‍ഷകര്‍ എത്തി എന്നാണ് പോലീസ് ആരോപണം. ട്രാക്ടര്‍ ഓടിച്ചിരുന്നവരെ തല്ലിച്ചതച്ച പോലീസ് ചില ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ടു.

കര്‍ഷകര്‍ ചിലയിടങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. വാളുമായി നില്‍ക്കുന്ന സിഖുകാരെ വീഡിയോകളില്‍ കാണാം. സമരക്കാര്‍ക്കിടയില്‍പ്പെട്ട പോലീസുകാരനെ കര്‍ഷകര്‍ രക്ഷപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചില ട്രാക്ടറുകള്‍ ഓടിച്ചിരുന്നത് സ്ത്രീകളാണ്. കൈക്കുഞ്ഞുങ്ങളുമായി വരെ അവര്‍ സമര ഭൂമിയിലേക്ക് നീങ്ങുകയാണ്.
വൈകീട്ട് ആറ് മണിവരെയാണ് ട്രാക്ടറുകള്‍ക്കുള്ള പോലീസ് അനുമതി. അതിന് മുമ്പ് ദില്ലി നഗരം വിട്ടുപോകണമെന്നാണ് പോലീസ് നിര്‍ദേശം. എന്നാല്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ ദില്ലി അതിര്‍ത്തികളില്‍ പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. പല ഭാഗങ്ങളില്‍ നിന്നു ഇനിയും ട്രാക്ടറുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആറ് മണിക്കകം തിരിച്ചുപോകാന്‍ ട്രാക്ടറുകള്‍ക്ക് സാധിക്കില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലി മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ദില്ലിയിലേക്ക് കടന്നിട്ടുണ്ട്. ചില പോലീസുകാരെ കര്‍ഷകര്‍ മര്‍ദ്ദിച്ചു എന്ന വിവരവും പുറത്തുവന്നു. സമരക്കാര്‍ക്ക് നേരെ ബലം പ്രയോഗിച്ച പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
ദില്ലി നഗരത്തിലും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിന് നേര്‍ക്ക് ഒരു കര്‍ഷകര്‍ ട്രാക്ടര്‍ ഓടിച്ചുകയറ്റി. ചെങ്കോട്ടയ്ക്ക് സമീപവും കര്‍ഷക സമരക്കാരെത്തി. സംഘര്‍ഷമുണ്ടായ ഐടിഒയിലേക്ക് കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടെ പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം, അക്രമങ്ങളില്‍ പങ്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഉള്‍പ്പെടാത്തവരാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications