ശരത് പവാറിനെ മാറ്റി, അജിത് പവാറിനെ എന്‍സിപി അധ്യക്ഷനാക്കി; ഇസിക്ക് കത്ത് നല്‍കി
മുംബൈ: എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരത് പവാറിനെ മാറ്റി അജിത് പവാര്‍ പക്ഷം. പകരം അജിത് പവാറിനെ പുതിയ അധ്യക്ഷനായി നിയമിച്ചിരിക്കുകയാണ്. ഞങ്ങളാണ് യഥാര്‍ഥ എന്‍സിപി എന്നാണ് അജിത് പക്ഷം അവകാശപ്പെടുന്നത്. അജിത്താണ് പുതിയ അധ്യക്ഷനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ അജിത് പവാര്‍ വിഭാഗം അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് അജിത് പവാറിനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
എന്നാല്‍ പാര്‍ട്ടിയുടെ പേരിനും, ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും ഇരുപക്ഷവും തമ്മില്‍ ആരംഭിച്ചിരിക്കുകയാണ്.ജൂണ്‍ മുപ്പതിന് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലാണ് അജിത് പവാറിനെ പുതിയ അധ്യക്ഷനായി നിയമിച്ചതെന്നാണ് അജിത് പക്ഷം അവകാശപ്പെടുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് ജയന്ത് പാട്ടീലില്‍ നിന്ന് ജൂലായ് മൂന്നിന് ഒരു ഇമെയിലും ലഭിച്ചിട്ടുണ്ട്. അതില്‍ ഒന്‍പത് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് അയോഗ്യരാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

42 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പക്ഷം അവകാശപ്പെടുന്നത്. ഇന്ന് നടന്ന യോഗത്തില്‍ 31 എംഎല്‍എമാര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാരാണ് പങ്കെടുത്തത്. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അജിത് പവാറിന് ഇനിയും എംഎല്‍എമാരെ ആവശ്യമാണ്.അതേസമയം അജിത് പവാര്‍ 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.
ഇതിനിടെ അജിത് പവാറിനൊപ്പമുള്ള എംഎല്‍എമാരെ മുംബൈയിലുള്ള ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ തിരിച്ചുപോകാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ശരത് പവാര്‍ ക്യാമ്പിലുള്ള എംഎല്‍എമാര്‍ ഇനിയും വരുമെന്ന് അജിത് പവാര്‍ അവകാശപ്പെട്ടു. എന്‍സിപിക്ക് 53 എംഎല്‍എമാരാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. ഇതില്‍ 11 പേര്‍ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. അജിത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍, അവന്‍ എന്നോട് സംസാരിക്കണമായിരുന്നു. മനസ്സില്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ സംസാരിച്ച് തീര്‍ക്കാമായിരുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു.
അജിത് പവാറിന് മുന്നറിയിപ്പും ശരത് പവാര്‍ നല്‍കിയിട്ടുണ്ട്. ബിജെപിക്കൊപ്പം സഖ്യം ചേരുന്ന ഓരോ പാര്‍ട്ടിയും രാഷ്ട്രീയ തകര്‍ച്ചയാണ് നേരിടുക. അത് വൈകാതെ തന്നെ അജിത്തിന് ബോധ്യപ്പെടുമെന്നും ശരത് പവാര്‍ പറഞ്ഞു. നാളെ ഡല്‍ഹി നിര്‍ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗവും ശരത് പവാര്‍ ചേരുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ എടുക്കാനാണ് സാധ്യത. അയോഗ്യതാ നീക്കം അടക്കം ഇതില്‍ ചര്‍ച്ചയായേക്കും. ശരത് പവാര്‍ പക്ഷം പറയുന്നത് എംഎല്‍എമാര്‍ തിരിച്ചുവരുമെന്നാണ്. 1980കളില്‍ ഇതുപോലെ വിമത നീക്കമുണ്ടായിരുന്നു. അന്ന് കൂറുമാറിയവരെല്ലാം തോറ്റ കാര്യവും ശരത് പവാര്‍ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications