വിമതർക്കെതിരെ നടപടിയുമായി ശരദ് പവാർ; അഞ്ച് നേതാക്കളെ പുറത്താക്കി
മുംബൈ: വിമത നീക്കം നടത്തിയ അഞ്ച് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി എൻ സി പി. പാർട്ടിയുടെ മുതിർന്ന നേതാക്കളും എംപിമാരുമായ സുനിൽ തത്കറെ, പ്രഫുൽ പട്ടേൽ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.
പാർട്ടിയുടെ പ്രാദേശിക ജനറൽ സെക്രട്ടറി ശിവാജി റാവു ഗാർജെ, അകോല സിറ്റി ജില്ലാ പ്രസിഡന്റ് വിജയ് ദേശ്മുഖ്, മുംബൈ ഡിവിഷൻ വർക്കിംഗ് പ്രസിഡന്റ് നരേന്ദ്ര റാണെ എന്നിവരാണ് ഇന്ന് പുറത്താക്കപ്പെട്ട അഞ്ച് നേതാക്കളിൽ മൂന്ന് പേർ. നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമാണെന്നും അതിനാൽ പാർട്ടി അംഗത്വത്തിൽ നിന്നും പദവികളിൽ നിന്നും പുറത്താക്കുകയാണെന്നും അധ്യക്ഷൻ ശരദ് പവാർ കത്തിൽ വ്യക്തമാക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംപിമാരായ പ്രഫുൽ പട്ടേലിനേയും സുനിൽ തത്കറയേയും പുറത്താക്കിയത്. കൂറുമാറിയ അജിത് പവാർ ഉൾപ്പെടെയുള്ള എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. അതേസമയം അജിത് പവാറിനൊപ്പമുള്ള നേതാക്കൾക്കെതിരായ നടപടി നിയപരമായി നിലനിൽക്കില്ലെന്ന് പ്രഫുൽ പട്ടേൽ പ്രതികരിച്ചു.
'ഞങ്ങൾക്കൊപ്പമാണ് ഭൂരിപക്ഷം എം എൽ എമാരും. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രധാനം. പാർട്ടിക്കുള്ളിൽ യാതൊരു പ്രശ്നങ്ങൾക്കും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളും ഞങ്ങൾ നടത്തും. എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കട്ടെ. എംഎൽഎമാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഗവർണറെ സമീപിക്കുമായിരുന്നില്ല. ഞങ്ങളാണ് പാർട്ടി. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് നമ്പർ പറയേണ്ട ആവശ്യമില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കാൻ ശരദ് പവാർ തയ്യാറാകണം. അദ്ദേഹത്തിന്റെ അനുഗ്രഹം ഞങ്ങൾക്ക് ആവശ്യമാണ്', പ്രഫുൽ പട്ടേൽ പറഞ്ഞു.
ആവശ്യത്തിന് എം എൽ എമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് അജിത് പവാറും പ്രതികരിച്ചു. '9 എം എൽ എമാരുടെ അയോഗ്യത നടപടിക്കായി സ്പീകർക്ക് കത്ത് നൽകിയവർക്ക് അതിനുള്ള അധികാരമില്ല. എം എൽ എമാർക്കോ പാർട്ടിക്കോ ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്. പാർട്ടിയുടെ പേരും ചിഹ്നവും ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഒരു നേതാവിനേയും ശരദ് പവാറിന് പുറത്താക്കാൻ സാധിക്കില്ല', അജിത് പവാർ പറഞ്ഞു. 53 എംഎൽഎമാരാണ് എൻ സി പിക്ക് ഉള്ളത്. ഇതിൽ 40 പേരുടെ തങ്ങൾക്കാണെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്.












Click it and Unblock the Notifications