പനാജിയിൽ ഉത്പൽ പരീക്കറിനെ പിന്തുണച്ച് ശിവസേന; സ്ഥാനാർത്ഥിയെ പിൻവലിച്ചു
പനാജി; ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിായയി മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. പനാജി മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ ശിവസേന പിൻവലിച്ചു. പനാജിയിൽ നിന്ന് മത്സരിക്കാൻ ബി ജെ പി ടിക്കറ്റ് നൽകിയില്ലേങ്കിൽ ഉത്പൽ പരീക്കറിനെ പിന്തുണയ്ക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ശിവസേന എം പിയായ സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

'ഞങ്ങൾ ഞങ്ങളുടെ വാക്കിൽ ഉറച്ച് നിൽകുന്നു. ശിവസേനയുടെ സ്ഥാനാർത്ഥി ശൈലേന്ദ്ര വെലിങ്കർ സ്ഥാനാർത്ഥിത്വം പിൻവലിച്ചു. അത് മാത്രമല്ല, ഉത്പൽ പരീക്കറിന് വേണ്ടി ഞങ്ങളുടെ പ്രവർത്തകർ രംഗത്തിറങ്ങും. പനാജിയിലെ പോരാട്ടം വെറും തെരഞ്ഞെടുപ്പ് എന്നതിന് അപ്പുറമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് ഗോവയുടെ ശുദ്ധീകരണത്തിന് കൂടിയാണ്, സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.
അതേസമയം ശിവസേനയെ കൂടാതെ ആം ആദ്മിയും ഉത്പലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി മനോഹർ പരീക്കറായിരുന്നു പനാജിയിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചിരുന്നത്. ഇക്കുറി തനിക്ക് സീറ്റ് നൽകണമെന്ന് ഉത്പൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം കൊടുക്കാൻ തയ്യാറായിരുന്നില്ല. 2019 ല്‍ പിതാവിന്റെ മരണത്തെ തുടർന്ന് പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ഉത്പലിന് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. പരീക്കറിന്റെ എതിരാളിയായി മത്സരിച്ച മോൺസറേറ്റിനെയാണ് ബി ജെ പി ഇവിടെ സ്ഥാനാർത്ഥിയാക്കുന്നത്. 2019 ൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ നേതാവാണ് മോൺസറേറ്റ്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഉത്പൽ പാർട്ടി വിട്ടു.
അതേസമയം ഉത്പലിന് ബി ജെ പി സീറ്റ് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് മറ്റ് സീറ്റുകൾ അനുവദിച്ചെന്നുമായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നേരത്തേ പറഞ്ഞു. ഉത്പൽ പരീക്കർ, മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ തുടങ്ങിയ വിമതരെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് പരിമിതികളുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
ഉത്പൽ പരീക്കറിന് ടിക്കറ്റ് നിഷേധിച്ചിട്ടില്ല. ബി ജെ പിയുടെ പരമ്പരാഗത മണ്ഡലം ഉൾപ്പെടെ രണ്ട് മണ്ഡലങ്ങൾ അദ്ദേഹത്തിന് മുന്നിൽ വെച്ചിരുന്നു. എന്നാൽ പനാജി മണ്ഡലത്തിൽ തന്നെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഫഡ്നാവിസ് പറഞ്ഞു.
അതേസമയം ഉത്പലിനെ കൂടാതെ ബി ജെ പി ക്യാംപിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കറും നേരത്തേ പാർട്ടി വിട്ടിരുന്നു. ബി ജെ പി സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതോടെയായിരുന്നു തിരുമാനം. അന്തരിച്ച മനോഹർ പരീക്കറിനുശേഷം ഗോവയിൽ ബി ജെ പിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ് അദ്ദേഹം.
2002 മുതൽ 2017 വരെ പർസേക്കർ പ്രതിനിധീകരിച്ച മാണ്ഡ്രേമിൽ സിറ്റിങ് എം എൽ എയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ദയാനന്ദ് സോപ്‌തെയെ തന്നെ മത്സരിപ്പിക്കാനുള്ള ബി ജെ പി തിരുമാനമായിരുന്നു പരേസറെ ചൊടിപ്പിച്ചത്. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സോപ്‌തെ പർസേക്കറിനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെത്തിയത്. 2019 ൽ ഒൻപത് കോൺഗ്രസ് നേതാക്കൾക്കൊപ്പം സോപ്‌തെ ബി ജെ പിയിൽ ചേരുകയായിരുന്നു.
ഗോവയിൽ 40 അംഗ നിയമസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നാണ് നടക്കുക. മാർച്ച് 10 ന് ഫലം വരും. പുറത്തുവരുന്ന അഭിപ്രായ സർവ്വേകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് പ്രവചിക്കുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications