'കോൺഗ്രസ് തോൽക്കുകയും ബിജെപി അധികാരത്തിലേറുകയും ചെയ്യുന്നത് ഞങ്ങൾ നോക്കിയിരിക്കണോ?'; മെഹുവ
ദില്ലി: തൃണമൂൽ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് കടുത്ത ഭാഷയയിൽ മറുപടി നൽകി തൃണമൂൽ എംപി മെഹുവ മൊയ്ത്ര. കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നില്ലെങ്കിൽ ഞങ്ങളുടെ ആവശ്യം വരില്ലായിരുന്നു എന്നാണ് മെഹുവ പ്രതികരിച്ചത്. ബി ജെ പിയെ പരാജയപ്പെടുത്താനുള്ള ദേശീയ ബദൽ തങ്ങളാണെന്നും മെഹുവ പറഞ്ഞു. മേഘാലയയിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയായിരുന്നു മെഹുവയുടെ പ്രതികരണം.

'ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഇവിടെ മത്സരിക്കേണ്ടി വരുമായിരുന്നില്ല. കോൺഗ്രസ് പരാജയപ്പെട്ടതിനാൽ ജനങ്ങൾക്ക് മറ്റൊരു ബദൽ നൽകാൻ ഞങ്ങൾ മുന്നിട്ടിറങ്ങിയത്. ബി ജെ പിക്കെതിരായ ബദൽ തൃണമൂൽ കോൺഗ്രസ് മാത്രമാണ്', മെഹുവ പറഞ്ഞു. കോൺഗ്രസ് ഓരോ സംസ്ഥാന തിരഞ്ഞെടുപ്പിലും പരാജയപ്പെടുമ്പോൾ അടുത്ത പൊതു തിരഞ്ഞെടുപ്പിലും ബി ജെ പി അധികാരത്തിൽ വരുന്നത് ഞങ്ങൾ കാണണോയെന്നും മെഹുവ ചോദിച്ചു.
മേഘാലയയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധി തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത് ബി ജെ പിയുടെ വിജയം ഉറപ്പാക്കാൻ ആണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമങ്ങളും അഴിമതികളും നിങ്ങൾക്ക് അറിയില്ലേ, തൃണമൂൽ കോൺഗ്രസിന്റെ ചരിത്രം നിങ്ങൾക്ക് അറിയില്ലേ. അവരുടെ പാരമ്പര്യത്തെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടോ? അവർ ഗോവയിൽ (തിരഞ്ഞെടുപ്പ്) വലിയ തുക ചെലവഴിച്ചു, ബിജെപിയെ സഹായിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. അതാണ് മേഘലയയിലും അവർ നടപ്പാക്കാൻ ഒരുങ്ങുന്നത്. ബിജെപിയെ ശക്തിപ്പെടുത്തി അധികാരത്തിലെത്തിക്കുക എന്നതാണ് മേഘാലയയിലും അവർ നടപ്പാക്കാൻ ഒരുങ്ങുന്നത്', എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസ് വലിയ തിരിച്ചടി നേടിയ സംസ്ഥാനമാണ് മേഘാലയ. ദേശീയ മോഹം ലക്ഷ്യം വെച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ ഇറങ്ങിയതോടെ ഒറ്റയടിക്ക് 12 എം എൽ എമാരായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ എത്തിയത്. ഇതോടെ ഒറ്റരാത്രികൊണ്ട് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാകാൻ ടി എം സിക്ക് സാധിച്ചു. ഇത്തവണ സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വെല്ലുവിളി.
കോൺഗ്രസും സംസ്ഥാനത്ത് തിരിച്ച് വരവിനുള്ള തന്ത്രങ്ങൾ മെനയുകയാണ്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസായിരുന്നു. 60 സീറ്റിൽ 21 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.60 അംഗ നിയമസഭയിൽ 21 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. അതായത് കേവല ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകളുടെ കുറവ്.എന്നാൽ കോൺഗ്രസിനെ അകറ്റി നിർത്താൻ ബിജെപി എൻപിപിയുമായി സഖ്യം ചേരുകയും അധികാരം പിടിക്കുകയുമായിരുന്നു.












Click it and Unblock the Notifications