Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓഫീസിലെ തെക്കേ വാതില്‍ അടച്ചിടണം, തുറന്നാല്‍ അധികാരം പോകും'; തള്ളിത്തുറന്ന് സിദ്ധരാമയ്യയുടെ എന്‍ട്രി

ബെംഗളൂരു: വാസ്തുവിലും ജ്യോതിഷത്തിലുമെല്ലാം വിശ്വസിക്കുന്ന രാഷ്ട്രീയക്കാര്‍ ഏറെയുള്ള സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അടിമയുമാണ് ഇവിടത്തുകാര്‍. ജനപ്രതിനിധികള്‍ തന്നെ ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടതിന് പ്രസിദ്ധമാണ് സംസ്ഥാനം. മുന്‍പ് ചില മന്ത്രിമാര്‍ വാസ്തു പ്രകാരം ഓഫീസ് പുതുക്കി പണിഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാകട്ടെ പേരുമാറ്റം വരെ നടത്തി.

എന്നാല്‍ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തരം വിശ്വാസങ്ങളെ പാടേ അവഗണിക്കുന്ന ആളാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാസ്തു ദോഷത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളം അടച്ചിട്ട തന്റെ ഓഫീസിലെ വാതില്‍ സിദ്ധരാമയ്യ തള്ളിത്തുറന്നത്. വിധാന്‍ സൗധയിലെ ഓഫീസിന്റെ തെക്കേ വശത്ത് വാതില്‍ ആണ് സിദ്ധരാമയ്യ തുറന്നത്. വാസ്തു ദോഷം ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി ഈ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

siddaramaiah

ഇന്നലെ അന്നഭാഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു യോഗത്തിനെത്തിയ സിദ്ധരാമയ്യ ഈ വാതില്‍ അടഞ്ഞ് കിടക്കുന്നത് ശ്രദ്ധിച്ചു. ഇതോടെ ജീവനക്കാരോട് ഇതിന്റെ കാരണം തിരക്കുകയും ചെയ്തു. വാസ്തു ദോഷപ്രകാരമാണ് വാതില്‍ തുറക്കാത്തത് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് അത് തുറക്കാന്‍ സിദ്ധരാമയ്യ ആവശ്യപ്പെടുകയായിരുന്നു. വാതില്‍ തുറക്കുന്നത് വരെ സിദ്ധരാമയ്യ കാത്ത് നില്‍ക്കുകയും ചെയ്തു.

വാതില്‍ തുറന്നതിന് ശേഷം യോഗത്തിനായി ഇതിലൂടെ അകത്ത് കടന്ന സിദ്ധരാമയ്യ ഇതേ വഴിയിലൂടെ തന്നെയാണ് പുറത്തേക്ക് വരികയും ചെയ്തത്. ജനങ്ങളോട് പ്രതിബദ്ധതയും സ്വഭാവത്തില്‍ സത്യസന്ധതയും കര്‍ത്തവ്യത്തില്‍ അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ശുഭവും അശുഭകരവുമായ സമയങ്ങളും സ്ഥലങ്ങളും എന്ന സങ്കല്‍പ്പം അപ്രധാനമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. തനിക്ക് ജനങ്ങളുടെ ആശീര്‍വാദം മാത്രം മതിയെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രിമാര്‍ ഈ വാതിലിലൂടെ പ്രവേശിക്കാന്‍ ഭയപ്പെട്ടിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ വാതിലിലൂടെയുള്ള സഞ്ചാരം രാഷ്ട്രീയ ജീവിതത്തെ ബാധിക്കുമെന്ന് വാസ്തു വിദഗ്ധര്‍ നിര്‍ദേശിച്ചതിനാലായിരുന്നു ഇത്. 1998 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വാതില്‍ അടക്കുന്നത്.

2013 ല്‍ മുഖ്യമന്ത്രിയായ ശേഷം, സിദ്ധരാമയ്യ ഈ വാതില്‍ തുറന്ന് കൊടുക്കണം എന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് 15 വര്‍ഷത്തിനിടെ ആറ് മുഖ്യമന്ത്രിമാര്‍ അധികാരമേറ്റെങ്കിലും ആരും വാതില്‍ തുറന്നിരുന്നില്ല. മുന്‍ മുഖ്യമന്ത്രിമാരായ ബി എസ് യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച് ഡി കുമാരസ്വാമി എന്നിവരെല്ലാം വാതില്‍ അടച്ചിടുകയായിരുന്നു ചെയ്തിരുന്നത്. തെക്ക് ദര്‍ശനമുള്ള വാതില്‍ ദൗര്‍ഭാഗ്യകരമാണ് എന്നാണ് പലരുടെയും വിശ്വാസം.

അതേസമയം കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ സിദ്ധരാമയ്യ ശക്തമായ നിലപാടെുത്തിരുന്നു. അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് മറ്റ് മുഖ്യമന്ത്രിമാര്‍ ബെംഗളൂരുവില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചാമരാജനഗര്‍ സന്ദര്‍ശിക്കാന്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ 2013-18 കാലയളവില്‍ ഒന്നിലധികം തവണയാണ് സിദ്ധരാമയ്യ ഇവിടം സന്ദര്‍ശിച്ചത്.

ചാമരാജനഗര്‍ ദുര്‍മന്ത്രവാദത്തിന് പേര് കേട്ടതാണ്. അതിനാല്‍ തന്നെ നിരവധി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പോലും ജില്ലാ ആസ്ഥാനമായ ചാമരാജനഗര്‍ പട്ടണത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. നഗരം സന്ദര്‍ശിക്കുന്നത് അധികാര സ്ഥാനങ്ങളില്‍ നിന്ന് അവരെ നീക്കം ചെയ്യും എന്ന അന്ധവിശ്വാസം ഇവിടെ വ്യാപകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+