രാഹുലിന്റെ തട്ടകത്തില്‍ സ്മൃതിയുടെ സാരിവിതരണം!
അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക സാരി വിതരണം. ഏകദേശം 15000 സാരികളാണ് ബി ജെ പി നേതാവ് സ്മൃതി ഇറാനി അമേഠിയിലെ സ്ത്രീകള്‍ക്കായി വിതരണം ചെയ്തത്. ദീപാവലി സമ്മാനമായിട്ടാണ് സ്മൃതി സാരികള്‍ വിതരണം ചെയ്തത്.
ജയിച്ച സ്ഥാനാര്‍ഥി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത് അങ്ങനെയുമല്ല എന്നതാണ് രസകരം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ തോല്‍പിച്ച മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ അമേഠി. കോൺഗ്രസിൻറെ കുത്തക മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനി തോറ്റുപോയിരുന്നു.

സ്മൃതി ഇറാനിയുടെ അടുത്ത സഹായി വിജയ് ഗുപ്തയാണ് അമേഠിയില്‍ സാരികള്‍ വിതരണം ചെയ്തത്. ജഗദീഷ്പൂര്‍, തിലോലി, ഗൗരിഗഞ്ച്, സലോണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മന്ത്രിയുടെ ദീപാവലി സമ്മാനം വിതരണം ചെയ്തത് എന്ന് ഗുപ്ത പറഞ്ഞു. തോറ്റെങ്കിലും അമേത്തിയിലെ ജനങ്ങളോടുള്ള സ്മൃതി ഇറാനിയുടെ താല്‍പര്യമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോറ്റെങ്കിലും ബി ജെ പിയുടെ രാജ്യസഭാംഗമായ സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായി. മാനവ വിഭവശേഷി വകുപ്പാണ് സ്മൃതി ഇറാനി കൈകാര്യം ചെയ്യുന്നത്. സ്മൃതി ഇറാനിക്ക് പുറമേ ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസും മത്സര രംഗത്തുണ്ടായിരുന്നു. കനത്ത പോരാട്ടത്തിനൊടുവിലാണ് സ്മൃതി ഇറാനി രാഹുലിന് മുന്നില്‍ കീഴടങ്ങിയത്. ഒരവസരത്തില്‍ സ്മൃതിക്കും വിശ്വാസിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു രാഹുല്‍ ഗാന്ധി.












Click it and Unblock the Notifications