ശ്രീകാകുളം ക്ഷേത്രത്തില്‍ വന്‍ ദുരന്തം: തിക്കിലും തിരക്കിലും 9 മരണം; നിരവധി പേർക്ക് പരിക്ക്
ശ്രീകാകുളം: ആന്ധ്രപ്രദേശില്‍ ക്ഷേത്രത്തിലെ തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് 10 മരണം. ശ്രീകാകുളം ജില്ലയിലെ കസിബുഗ്ഗ (കാശിബുഗ്ഗ) ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ആഘോഷത്തിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരണപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തത് ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഭക്തർ പെട്ടെന്ന് മുന്നോട്ടേക്ക് ഓടിയപ്പോള്‍ നിരവധിപേര്‍ വീണതും അപകടത്തിന്‍റെ വ്യാപ്തികൂട്ടി. ക്ഷേത്ര പരിസരത്ത് നിരവധി ആളുകള്‍ വീണ് കിടക്കുന്നതിന്‍റെ വിഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മരണസംഖ്യ വർധിക്കാനുള്ള സാധ്യത ഏറെയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. രാവിലെ ഏകദേശം 11.30 ഓടെയായിരുന്നു അപകടം. പവിത്ര ദിനമായി കണക്കാക്കുന്ന ഏകാദശി ദിനത്തിലെ വിഷ്ണു പ്രഭുവിന് വ്രതമിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കാൻ ആയിരങ്ങളായിരുന്നു ക്ഷേത്രത്തിലേക്ക് എത്തിയത്.

ക്ഷേത്രം സ്വകാര്യ മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നതെ സർക്കാർ അനുമതികൂടാതെ നടത്തിയ പരിപാടിയില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ആന്ധ്രപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. "അത്യന്തം ഹൃദയവേദനകരം" എന്നായിരുന്നു വാർത്ത പുറത്തുവന്നയുടനെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.
"കസിബുഗ്ഗ വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും അപകടമുണ്ടായത് ഞങ്ങളെ ഞെട്ടിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഞങ്ങള്‍ ചേർത്ത് പിടിക്കുന്നു. പരിക്കേറ്റവർക്ക് ഉടൻ മെഡിക്കൽ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി" മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. മനുഷ്യവിഭവ വകുപ്പ് മന്ത്രി നാരാ ലോകേഷ്, ജില്ലാ മന്ത്രി അച്ചെന്നായിഡു, പ്രാദേശിക എംഎൽഎ ഗൗതു ശിരിഷ് എന്നിവരുമായി സംസാരിച്ച് പെട്ടെന്നുള്ള സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ആന്ധ്രപ്രദേശ് ഗവർണർ എസ്. അബ്ദുൽ നസീറും അഭിപ്രായപ്പെട്ടു. "ഭക്തജനങ്ങളുടെ തിരക്ക് കാരണം ഉണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖിതനാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഴത്തിലുള്ള സഹതാപം അർപ്പിക്കുന്നു. പരിക്കേറ്റവർക്ക് നല്ല മെഡിക്കൽ സൗകര്യം ഉറപ്പാക്കാൻ ജില്ലാ അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകി," ഗവർണർ പറഞ്ഞു.
കസിബുഗ്ഗ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം ശ്രീകാകുളം ജില്ലയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഏകാദശി, മറ്റ് പ്രധാന ഉത്സവങ്ങളിൽ ആയിരക്കണക്കിന് ഭക്തർ എത്താറുണ്ട്. പ്രദേശത്ത് ഇപ്പോള്‍ രക്ഷാപ്രവർത്തനം പൂർത്തിയായി.












Click it and Unblock the Notifications