ഉത്തരേന്ത്യയിൽ തമിഴ് പഠിപ്പിക്കാൻ എത്ര സ്ഥാപനങ്ങളുണ്ട്? കേന്ദ്രത്തിനെതിരെ സ്‌റ്റാലിൻ, മറുപടിയുമായി അണ്ണാമലൈ
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്ക് എതിരെയും വീണ്ടും കടുത്ത ആക്രമണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ബിജെപി ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് സ്‌റ്റാലിൻ ആരോപിച്ചു. കടുത്ത ഭാഷയിൽ ആയിരുന്നു പ്രതികരണം. എക്‌സ് പോസ്‌റ്റിലൂടെയായിരുന്നു എംകെ സ്‌റ്റാലിൻ ഒരിക്കൽ കൂടി വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ചത്.
ഭാഷകൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്ന വിഷയത്തിൽ അസമത്വം ഉണ്ടെന്നും സ്‌റ്റാലിൻ ആരോപിച്ചു. ദക്ഷിണേന്ത്യക്കാരെ ഹിന്ദി പഠിക്കാൻ പ്രേരിപ്പിക്കുന്നതിനായി ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നുവെന്ന് സ്‌റ്റാലിൻ പറഞ്ഞു. ഇത്രയും വർഷത്തിനിടെ ഉത്തരേന്ത്യയിൽ എത്ര ഉത്തര ഭാരത് തമിഴ് പ്രചാര സഭകൾ സ്ഥാപിച്ചിട്ടുണ്ട്? എന്നായിരുന്നു സ്‌റ്റാലിൻ ഉന്നയിച്ച ചോദ്യം.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ തമിഴ്‌നാടിന്റെ ദീർഘകാല നിലപാട് എംകെ സ്‌റ്റാലിൻ ഇന്നും ആവർത്തിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം ബഹുഭാഷാവാദത്തെ എതിർക്കുന്നതിനുപകരം ഭാഷാപരമായ സ്വത്വം സംരക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്ന് ഭാഷകളോ 30 ഭാഷകളോ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ അനുവദിക്കണമെന്നും തമിഴ്‌നാടിനെ വെറുതെ വിടൂവെന്നും സ്‌റ്റാലിൻ ആവശ്യപ്പെട്ടു.
#longliveTamil എന്ന ഹാഷ്‌ടാഗ് ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്‌റ്റ്. കേന്ദ്ര സർക്കാരിന്റെ ഭാഷാ നയങ്ങൾക്കെതിരെ തമിഴ്‌നാട്ടിൽ തുടരുന്ന എതിർപ്പിന് ഇടയിലാണ് ഈ പോസ്‌റ്റ് എന്നതാണീ ശ്രദ്ധേയമായ കാര്യം. ഹിന്ദി അടിച്ചേൽപ്പിക്കുന്നതും മറ്റുള്ള ഭാഷകളെ പിന്നിലേക്ക് വലിക്കുന്നതുമാണ് ഈ നയങ്ങൾ എന്നാണ് വിമർശകർ ഉന്നയിക്കുന്ന കാര്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പ്രധാനമായും എതിർപ്പ് ഉന്നയിക്കുന്നത്.
അതിനിടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങളിൽ ഡിഎംകെ എംപി കനിമൊഴിയെ വെല്ലുവിളിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്ത് വന്നു. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുന്ന നയങ്ങൾ ഡിഎംകെ നിരസിക്കുകയും തങ്ങളുടെ അജണ്ടയ്ക്ക് അനുയോജ്യമായവ തിരഞ്ഞെടുത്ത് സ്വീകരിക്കുകയും ചെയ്യുന്നുവെന്നാണ് അണ്ണാമലൈയുടെ ആരോപണം.
സംസ്ഥാന സർക്കാരിന്റെ പക്ഷപാതപരമായ പെരുമാറ്റവും അദ്ദേഹം എക്‌സ് പോസ്‌റ്റിൽ എടുത്തു പറയുകയുണ്ടായി. സർക്കാരിനെ പുകഴ്ത്തുന്ന റിപ്പോർട്ടുകൾ എല്ലാം കൃത്യമായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വിമർശിക്കുന്നവ ഒഴിവാക്കുകയും ചെയ്യുന്ന രീതിയാണ് ഡിഎംകെയുടേത് എന്നാണ് അണ്ണാമലൈ പറയുന്നത്.
ഡിഎംകെ വിദ്യാഭ്യാസത്തേക്കാൾ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്ന് അണ്ണാമലൈ ആരോപിച്ചു. തമിഴ്‌നാടിന്റെ പ്രധാന പദ്ധതികളായ ഇല്ലം തേടി കൽവി, എണ്ണും എഴുത്തും, പ്രഭാതഭക്ഷണ പദ്ധതി എന്നിവ ദേശീയ വിദ്യാഭ്യാസ നയത്തിലും (എൻഇപി) 2020-ലും സമഗ്ര ശിക്ഷയിലും ആദ്യം ശുപാർശ ചെയ്‌ത കാര്യങ്ങൾ ആണെന്നാണ് അണ്ണാമലൈയുടെ വിമർശനം.












Click it and Unblock the Notifications