ദിലീപ് ഘോഷ് പുറത്ത്, ബംഗാളില്‍ ബിജെപിക്ക് പുതിയ മുഖം, പിന്നില്‍ നിന്ന് ചരട് വലിച്ച് സുവേന്ദു
കൊല്‍ക്കത്ത: ബംഗാളില്‍ കൊഴിഞ്ഞുപോക്ക് ശക്തമായിട്ടും കുലുക്കമില്ലാതെ ബിജെപി. സംസ്ഥാന അധ്യക്ഷനെ മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. ദിലീപ് ഘോഷിന് ഇത് വലിയ തിരിച്ചടിയാണ്. നേരത്തെ കേന്ദ്ര മന്ത്രിസഭയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ബംഗാളില്‍ അധികാരം പിടിക്കാനാവാതെ വന്നതോടെ നേതൃത്വം അദ്ദേഹവുമായി ഇടഞ്ഞിരിക്കുകയാണ്. ഇതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം. അതിന് പുറമേ സംഘടനയില്‍ ഒന്നടങ്കം സുവേന്ദു അധികാരി പിടിമുറുക്കിയിരിക്കുകയാണ്. നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ നേതൃത്വത്തിന്റെ വിശ്വസ്തനായി മാറിയിരിക്കുകയാണ് അദ്ദേഹം.

ദിലീപ് ഘോഷ് നേരത്തെ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം കളം മാറുമോ എന്നാണ് അറിയാനുള്ളത്. പുതിയ അധ്യക്ഷനായി സുകന്ദ മജുംദാറിനെയാണ് നിയമിച്ചത്. അതേസമയം സുവേന്ദുവിന്റെ വിശ്വസ്തന്‍ കൂടിയാണ് മജുംദാര്‍. എന്നാല്‍ ദിലീപ് ഘോഷിനെ പൂര്‍ണമായും നേതൃത്വം കൈവിട്ടിട്ടില്ല. ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ബംഗാളിലെ ബലൂര്‍ഗട്ടില്‍ നിന്നുള്ള എംപിയാണ് സുകന്ദ മജുംദാര്‍. ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് വളരെയധികം പ്രാധാന്യം ബിജെപിയിലുണ്ട്.
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ബബ്ബാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടെ മമതയെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വാര്‍ഡില്‍ അടക്കം പിന്നിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. സുകന്ദയെ നേരത്തെ ഷംസേര്‍ഗഞ്ച്, ജാങ്കിപൂര്‍ മണ്ഡലങ്ങളുടെ ചുമതലയില്‍ നിയമിച്ചിരുന്നു. സെപ്റ്റംബര്‍ മുപ്പതിന് ഇവിടെയും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇന്ന് പ്രഖ്യാപനം വരുമെന്ന് ദിലീപ് ഘോഷ് പോലും കരുതിയിരുന്നില്ല. സര്‍പ്രൈസാണെന്ന് നേതാക്കളും സമ്മതിക്കുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ സുവേന്ദുവിന്റെ സമ്മര്‍ദമാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അമ്പരപ്പിക്കുന്ന നേട്ടത്തിന് പിന്നില്‍ ദിലീപ് ഘോഷായിരുന്നു. എന്നിട്ടും അദ്ദേഹത്തെ മാറ്റിയതില്‍ പലരും നിരാശരാണ്. 2014ല്‍ രണ്ട് എംപി മാത്രമാണ് ബിജെപിക്ക് ബംഗാളില്‍ ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് അത് 18 സീറ്റാക്കി ഉയര്‍ത്തുകയായിരുന്നു ദിലീപ് ഘോഷ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഘോഷിന്റെ പോപ്പുലാരിറ്റി ഇടിയുന്നു എന്നാണ് കണ്ടെത്തല്‍. ദിലീപ് ഘോഷിന്റെ പ്രവര്‍ത്തനത്തില്‍ പല നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയെ നാണംകെടുത്തുന്ന പല പരാമര്‍ശങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടായെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
സ്വന്തം നേതാക്കള്‍ക്കെതിരെ തന്നെ സംസ്ഥാന അധ്യക്ഷന്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതില്‍ പരാതികളും അമിത് ഷായ്ക്ക് മുന്നിലെത്തിയിരുന്നു. ഇതാണ് വേഗത്തില്‍ തന്നെ ജെപി നദ്ദ തീരുമാനമെടുക്കാന്‍ കാരണം. അടുത്തിടെ തൃണമൂലിലേക്ക് പോയ ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണക്കാരന്‍ ദിലീപ് ഘോഷാണ്. പാര്‍ട്ടി കാര്യങ്ങളില്‍ സുപ്രിയോ ഇടപെടേണ്ടെന്ന് ഘോഷ് പറഞ്ഞിരുന്നു. തീര്‍ച്ചയായും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതോടെ ഘോഷ് അപ്രസക്തനായിരിക്കുകയാണ്. എല്ലാ അധികാരവും സുവേന്ദു അധികാരിയിലേക്കാണ് എത്തുക. ബിജെപിയിലെ ഏറ്റവും കരുത്തനായും അധികാരി മാറും.
Recommended Video
നിലവില്‍ പ്രതിപക്ഷ നേതാവാണ് സുവേന്ദു. അഞ്ച് വര്‍ഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അദ്ദേഹമായിരിക്കും. അതിന് മുമ്പ് 2019ലെ നേട്ടം 2024ലും ആവര്‍ത്തിക്കുക എന്ന വെല്ലുവിളി അദ്ദേഹത്തിന് മുന്നിലുണ്ട്. 41 വയസ്സുകാരനാണ് സുകന്ദ. യുവാക്കളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ വ്യക്തമാണ്. ആര്‍എസ്എസുമായി അടുത്ത ബന്ധം മജുംദാറിനുണ്ട്. ഒപ്പം എബിവിപിയുടെ ഭാഗമാണ് അദ്ദേഹം. തൃണമൂലില്‍ നിന്ന് വന്ന നേതാവല്ല മജുംദാര്‍. ടിഎംസിയില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമല്ല പദവി നല്‍കുക എന്ന് കൂടി ബിജെപി വ്യക്തമാക്കുകയാണ്.












Click it and Unblock the Notifications