ഹിമാചല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചോ? പോരാളിയാണ്, രാജിവെച്ചിട്ടില്ലെന്ന് സുഖ്‌വീന്ദര്‍ സിംഗ് സുഖു
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു രാജിവെച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. എഐസിസി നേതൃത്വവും രാജിവാര്‍ത്തകള്‍ നിഷേധിച്ചു. താന്‍ പോരാളിയാണെന്നും രാജിവെക്കില്ലെന്നും സുഖു വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെയാണ് സുഖു രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തന്റെ രാജിക്കായി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, താന്‍ രാജിക്കത്ത് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സുഖു പറഞ്ഞു.

സഭയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കും. ഞങ്ങള്‍ തന്നെ വിജയിച്ചിരിക്കും. ബിജെപി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ബജറ്റ് അവതരിപ്പിക്കും മുമ്പ് പാര്‍ട്ടിയെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സുഖു ആരോപിച്ചു. പ്രതിപക്ഷ നേതാവ് ജയറാം താക്കൂറാണ് മുഖ്യമന്ത്രി സുഖു രാജിവെച്ചെന്ന് അറിയിച്ചത്. ബിജെപിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
അവര്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റി അവരുടെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടാണ്. ക്രോസ് വോട്ട് ചെയ്തവര്‍ തിരിച്ചെത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചെന്നും സുഖു പറഞ്ഞു. അതേസമയം സഭയില്‍ വിശ്വാസ വോട്ട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 35 എംഎല്‍എമാരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.
അതേസമയം ക്രോസ് വോട്ടിംഗിന് മുമ്പ് ഹിമാചല്‍ നിയമസഭയില്‍ 40 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ആറ് പേരുടെ പിന്തുണ നഷ്ടമായതോടെ 34 ആയി അത് ചുരുങ്ങിയിരിക്കുകയാണ്. ഭൂരിപക്ഷത്തിനും ഒരു സീറ്റ് പിന്നിലാണിത്. ബിജെപിക്ക് 25 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സ്വതന്ത്രരുടെ പിന്തുണ അടക്കം 34 പേര്‍ അവര്‍ക്കൊപ്പമുണ്ട്. ഇതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലാണ്.
ഹിന്ദി ഹൃദയഭൂമിയിലെ ഏക സംസ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്. ഇതോടെ മൂന്ന് നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഹിമാചലിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാജീവ് ശുക്ലയും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം ക്രോസ് വോട്ടിംഗ് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ആറ് എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസാണ് ഹിമാചലില്‍ നടക്കുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.












Click it and Unblock the Notifications