തമിഴ് സംസ്കാരത്തിന്റെ ഭാഗം; ജല്ലിക്കട്ട് നിയമം ശരിവെച്ച് സുപ്രീം കോടതി
ദില്ലി: ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം നിയമം ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജികള്‍ തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് അംഗീകാരവും സുപ്രീം കോടതി നല്‍കി. ഈ നിയമത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു.
ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷന്‍ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജല്ലിക്കട്ടിനും കാളയോട്ട മത്സരങ്ങള്‍ക്കും കൂടിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പൊങ്കല്‍ ഉത്സവങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ആഘോഷിക്കപ്പെടുന്ന മത്സരമാണ് ജല്ലിക്കട്ട്.

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ ഹര്‍ജികള്‍ അടക്കമാണ് സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്നത്. ജല്ലിക്കട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി നിരീക്ഷണം.
അതേസമയം നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, സംസ്ഥാന സര്‍ക്കാരുകളാണ് ജല്ലിക്കെട്ടിന് നിയമസാധുത നല്‍കി നിയമം കൊണ്ടുവന്നത്. ജല്ലിക്കട്ട് നിയമവിധേയമാക്കിയതിനെതിരെയാണ് പെറ്റ അടക്കമുള്ള സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2014ല്‍ ജല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് മറികടക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമഭദേഗതി കൊണ്ടുവന്നത്. മൃഗങ്ങളോടുള്ള ക്രൂരത നിയന്ത്രിക്കുന്ന നിയമം മുന്‍നിര്‍ത്തിയാണ് സുപ്രീം കോടതി നേരത്തെ ജല്ലിക്കെട്ട് നിരോധിച്ചത്. സംഘടനകളുടെയും, തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കോടതി കേട്ടിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റിയിരുന്നു. ജല്ലിക്കെട്ടിലെ ക്രൂരതകള്‍ക്കൊപ്പം നില്‍ക്കുന്നില്ല. പക്ഷേ ഇതൊരു ക്രൂരമായ കായിക വിനോദമാണെന്ന് പറയാനാവില്ല. കാരണം ഒരാളും ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജല്ലിക്കട്ട് മത്സരങ്ങളില്‍ ചോര ചിന്തുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും കോടതി പറഞ്ഞു. ഈ കായിക വിനോദത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയുണ്ടാവാം. എന്നാല്‍ ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നത് മൃഗങ്ങളെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ അല്ല. ജല്ലിക്കട്ടിന്റെ ഭാഗമായി മരണങ്ങള്‍ സംഭവിക്കാറുണ്ട്.
എന്നാല്‍ അതിനെ ചോര ചിന്തുന്ന മത്സരമായി കാണാനാവില്ല. കാളപ്പുറത്തേക്ക് ചാടി കയറുന്നവര്‍ അതിനൊന്നും ആഗ്രഹിക്കുന്നുവെന്ന് കരുതാനാവില്ല. ജനങ്ങള്‍ ആ കാളയെ കൊല്ലാനും പോകുന്നില്ലെന്നും ജസ്റ്റിസുമായി അജയ് രസ്‌തോഗി അടക്കമുള്ളവര്‍ നിരീക്ഷിച്ചു.












Click it and Unblock the Notifications