കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമായിരിക്കണം, കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി
ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജരായിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ദില്ലിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുളള ദില്ലി ഹൈക്കോടതിയുടെ നടപടികള്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്നാം തരംഗത്തില്‍ കുട്ടികള്‍ ചിലപ്പോള്‍ ബാധിക്കപ്പെട്ടേക്കാം. കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കൊവിഡ് നിയന്ത്രണത്തിന് കൃത്യമായ പദ്ധതി വേണമെന്നും പാളിച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദിയെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യമായ പ്രതിരോധ പദ്ധതികള്‍ ഇന്ന് തൊട്ട് തന്നെ ആവിഷ്‌ക്കരിക്കുകയാണ് എങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തെ മറികടക്കാന്‍ സാധിക്കും എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് വേണ്ടി കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇത്തരത്തിലുളള ഒന്നരലക്ഷത്തോളം ഡോക്ടര്‍മാരും നഴ്‌സുമാരും വീടുകളില്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.
ദില്ലിക്ക് 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉറപ്പാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദില്ലിയിലെ പ്രധാനപ്പെട്ട 56 ആശുപത്രികളില്‍ മെയ് നാലിന് സര്‍വേ നടത്തിയതായും ഇവിടെയെല്ലാം ആവശ്യത്തിന് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ഉളളതായി കണ്ടെത്തിയതായും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള ദില്ലി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications