'മനസാക്ഷിയെ ഞെട്ടിക്കുന്നത്'; പ്രയാഗ്‌രാജ് ബുൾഡോസർ നടപടിയിൽ ഇടപെട്ട് സുപ്രീംകോടതി, 10 ലക്ഷം നഷ്‌ടപരിഹാരം
ന്യൂഡൽഹി: പ്രയാഗരാജ് നഗരത്തിലെ ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രാദേശിക ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇവിടെ നടത്തിയ പൊളിക്കൽ നടപടി തികച്ചും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു. ഇത് നമ്മുടെ മനസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും അഭയം തേടാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും നിയമപരമായ നടപടിക്രമ പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.
ഇതിന് പിന്നാലെ അപ്പീലുമായി കോടതിയെ സമീപിക്കുന്ന വീട്ടുടമസ്ഥർക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ജസ്‌റ്റിസ് എഎസ് ഓക്ക, ജസ്‌റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിഷയത്തിൽ ശക്തമായ ഇടപെടലാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. സമാനമായി നേരത്തെയും ഉത്തർപ്രദേശ് സർക്കാരിനെ കോടതി വിമർശിച്ചിരുന്നു.

നടപടിക്രമങ്ങൾ പാലിക്കാതെ ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് ചിലരുടെയും വീടുകൾ പൊളിച്ചുമാറ്റിയതിനാണ് ഉത്തർപ്രദേശ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചത്. ബുൾഡോസർ നടപടിക്ക് ഒരു രാത്രി മുമ്പ് മാത്രമാണ് നോട്ടീസ് നൽകിയതെന്ന് അഭിഭാഷകരായ സുൽഫിക്കർ ഹൈദർ, പ്രൊഫസർ അലി അഹമ്മദ്, വീടുകൾ പൊളിച്ചുമാറ്റിയ മറ്റ് മൂന്ന് പേർ എന്നിവർ കോടതിയെ അറിയിച്ചിരുന്നു.
2023-ൽ കൊല്ലപ്പെട്ട ഗുണ്ടാസംഘ തലവൻ ആതിഖ് അഹമ്മദിന്റേതാണ് ഈ ഭൂമിയെന്ന അധികാരികളുടെ തെറ്റിദ്ധാരണയാണ് ഇതെന്ന് ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അവിടെയാണ് പൊളിച്ചുനീക്കപ്പെട്ട വീടുകൾ സ്ഥിതി ചെയ്‌തിരുന്നത്. നോട്ടീസ് നൽകിയ രീതിയേയും കോടതി രൂക്ഷമായി വിമർശിച്ചു.
എന്നാൽ നോട്ടീസുകൾ അവരുടെ വീടുകളിൽ ഒട്ടിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികാരികളെ ഉദ്ധരിച്ച് സർക്കാർ അഭിഭാഷകർ പറഞ്ഞത്. 'ഈ രീതി നിർത്തലാക്കണം. ഇതുമൂലം അവർക്ക് വീടുകൾ നഷ്‌ടപ്പെട്ടു... ഓരോ കേസിലും 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നിശ്ചയിക്കുക. അധികാരികൾ ഓർക്കാൻ അതുമാത്രമാണ് പോംവഴി' കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ വിവാദ വിഷയത്തിൽ വൈറലായ വീഡിയോയുടെ കാര്യവും കോടതി ഇന്ന് പരാമർശിച്ചു. പ്രയാഗ്‌രാജിൽ ബുൾഡോസർ കുടിലുകൾ പൊളിച്ചുമാറ്റുമ്പോൾ ഒരു പെൺകുട്ടി തന്റെ പുസ്‌തകങ്ങൾ എടുത്തുപിടിച്ച് ഓടിപ്പോകുന്നതിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ഇത്തരം ദൃശ്യങ്ങളിൽ എല്ലാവരും അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു.
വീടുകൾ പൊളിച്ചുമാറ്റിയവർക്ക് നോട്ടീസിനോട് പ്രതികരിക്കാൻ ന്യായമായ അവസരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 'ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ അവിഭാജ്യ ഘടകമാണ് പാർപ്പിടത്തിനുള്ള അവകാശമെന്ന് അധികാരികളും പ്രത്യേകിച്ച് വികസന അതോറിറ്റിയും ഓർമ്മിക്കേണ്ടതാണ്' കോടതി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications