കേരളത്തില്‍ ഒഴികെ മറ്റൊരിടത്തും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസം നോക്കി വോട്ട് ചെയ്യുന്നില്ല: സുപ്രിം കോടതി
2017ല്‍ തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷ് വര്‍ദ്ധന്‍ വാജ്‌പേയിയുടെ കാലാവധി 2022 ല്‍ പൂര്‍ത്തിയായതിനാല്‍ ഊ ഹര്‍ജി അലഹബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ദില്ലി: കേരളത്തില്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത നോക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2017ല്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി സ്ഥാനാര്‍ത്ഥി ഹര്‍ഷ് വര്‍ദ്ധന്‍ ബാജ്‌പേയിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഇന്ത്യയില്‍ ആരും സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യക നോക്കി വോട്ട് ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. ഒരു പക്ഷേ കേരളത്തില്‍ ഒഴികെ എന്ന് ജസ്റ്റിസ് നാഗരത്‌ന ഇതിനോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ബാജ്‌പേയിയുടെ വിദ്യാഭ്യാസ യോഗ്യതയും തെറ്റായി നല്‍കിയെന്ന് കാട്ടി കോണ്‍ഗ്രസ് മുന്‍ എം എല്‍ എ അനുഗ്രഹ് നാരായണ്‍ സിംഗാണ് കോടതിയെ സമീപിച്ചത്.
2017ല്‍ തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷ് വര്‍ദ്ധന്‍ വാജ്‌പേയിയുടെ കാലാവധി 2022 ല്‍ പൂര്‍ത്തിയായതിനാല്‍ ഊ ഹര്‍ജി അലഹബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇംഗ്ലണ്ടിലെ സെഫേഡ് സര്‍വ്വകലാശാലയില്‍ നിന്നും ബി ടെക് ബിരുദമുണ്ടെന്നാണ് ഹര്‍ഷ് വര്‍ദ്ധന്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയത്. കൂടാതെ 2006ല്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് എം ബി എ ബിരുദമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് 2006ല്‍ എം ബി എ ബിരുദവും ബി ടെക് നേടിയ വര്‍ഷവും ഒന്നു തന്നെയാണെന്നും ഇത് സാധ്യമല്ലെന്നുമാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications