കാന്‍വാര്‍ യാത്രാവഴിയിലെ ഹോട്ടലുകള്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: കാന്‍വര്‍ യാത്രാവഴിയിലെ ഹോട്ടലുകള്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവിന് സ്റ്റേ. സുപ്രീം കോടിതിയുടേതാണ് നടപടി. ഉത്തര്‍ പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ കാന്‍വാര്‍ യാത്രയുടെ പാതയിലുള്ള ഭക്ഷണശാല ഉടമകള്‍ ഉടമകളുടെയും ജോലി ചെയ്യുന്ന ജീവനക്കാരുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇത് വലിയ വിവാദമായിരുന്നു. ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകള്‍ രേഖപ്പെടുത്താന്‍ ഹോട്ടലുടമകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി ജൂലൈ 26 ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി മാറ്റി. അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഈ ഉത്തരവുകള്‍ സഹായിക്കും എന്നും അത് അനുവദിക്കരുത് എന്നും മഹുവ മൊയ്ത്രയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ തിരിച്ചറിഞ്ഞ് അവരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് വിധേയരാക്കുന്നതിലൂടെ ഭിന്നിപ്പുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രശ്നകരമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
ഒരു പ്രത്യേക വിഭാഗത്തിന്റെ ഉടമകള്‍ ഭക്ഷണം തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. 'മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് വിലക്കുന്ന ഒരു ഇടക്കാല ഉത്തരവ് പാസാക്കുന്നത് ഞങ്ങള്‍ ഉചിതമാണെന്ന് ഞങ്ങള്‍ കരുതുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭക്ഷ്യ വില്‍പ്പനക്കാരോട് പ്രത്യേകതരം ഭക്ഷണം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടാം, എന്നാല്‍ ഉടമകളുടെയും ജോലി ചെയ്യുന്ന ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുത്,' കോടതി പറഞ്ഞു.
കന്‍വാര്‍ യാത്ര വഴിയുള്ള ഭക്ഷണശാലകളില്‍ ഉടമകളുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസാഫര്‍നഗര്‍ പൊലീസാണ് ആദ്യം ഉത്തരവിട്ടിത്. പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനമൊട്ടാകെ നീട്ടി. ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൂടാതെ, ബി ജെ പി നേതൃത്വത്തിലുള്ള ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കടയുടമകളോട് അവരുടെ പേരുകളും മൊബൈല്‍ നമ്പറുകളും സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിയമലംഘകര്‍ക്ക് ആദ്യ കുറ്റത്തിന് 2000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് 5000 രൂപയും പിഴ ഈടാക്കുമെന്ന് ഉജ്ജയിന്‍ മേയര്‍ മുകേഷ് തത്വാള്‍ പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലീം കടയുടമകളെ ലക്ഷ്യമിട്ടല്ല, സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനാണ് ഉത്തരവെന്നായിരുന്നു മേയറുടെ അവകാശവാദം. അതിനിടെ സംസ്ഥാനത്തെ കന്‍വാര്‍ യാത്രാ റൂട്ടില്‍ കടയുടമകള്‍ തങ്ങളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും അങ്ങനെയൊരു നിര്‍ബന്ധവുമില്ലെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications