യുഎപിഎ കേസ്: ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ദില്ലി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി സര്‍വ്വകലാശാല പ്രൊഫ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സായിബാബ യു എ പി എ കേസില്‍ ജയിലില്‍ തുടരും.
സായിബാബയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം ആര്‍ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിച്ചത്.

ജി എന്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. തീവ്രവാദ വിരുദ്ധ നിയമമായ യു എ പി എ പ്രകാരമുള്ള ശിക്ഷയ്ക്കും ജീവപര്യന്തത്തിനും എതിരായ ഇവരുടെ അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.
2014ല്‍ ആണ് ജി എന്‍ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നാണ് കേസ്. മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നാണ് കുറ്റം. 2005 മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. കേസില്‍ ജെ എന്‍ യു വിദ്യാര്‍ഥി അടക്കം ആറ് പേര്‍ അറസ്റ്റിലായി. എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരില്‍ ഒരാളായ പാണ്ടു നരോത്തെ നാഗ്പൂര്‍ സെന്‍ട്രല്‍ജയിലില്‍ വച്ച് മരിച്ചിരുന്നു.












Click it and Unblock the Notifications