താജ്മഹലിന് നികുതി ചുമത്തി; ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ്, ചരിത്രത്തിലാദ്യം... ഇതിമാദുദ്ദൗലക്കും നോട്ടീസ്
ന്യൂഡല്‍ഹി: ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ താജ്മഹലിന് നികുതി അടയ്ക്കാന്‍ നോട്ടീസ്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരം നോട്ടീസ് അയക്കുന്നത്. ഉത്തര്‍ പ്രദേശിലെ ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു കോടിയിലധികം രൂപ നികുതി അടയ്ക്കാനുണ്ടത്രെ. അടച്ചില്ലെങ്കില്‍ താജ്മഹല്‍ ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.
ആഗ്രയിലെ മറ്റൊരു പൈതൃക കേന്ദ്രമായ ഇതിമാദുദ്ദൗലയ്ക്കും നികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിചിത്രമായ നടപടി ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

താജ്മഹലിന്റെ സ്വത്ത് നികുതി, വെള്ളക്കരം എന്നിവ അടയ്ക്കണമെന്നാണ് നോട്ടീസ്. സ്വത്ത് നികുതിയായി അടയ്‌ക്കേണ്ടത് 1.40 ലക്ഷം രൂപയാണ്. വെള്ളക്കരമായി ഒരു കോടി രൂപയും അടയ്ക്കണം. മൂന്ന് നൂറ്റാണ്ടിലധികം കാലമായി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്ന താജ്മഹലിന് നികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

ആഗ്രയില്‍ തന്നെയാണ് ഇതിമാദുദ്ദൗലയും സ്ഥിതി ചെയ്യുന്നത്. മുഗള്‍ രാജാവായിരുന്ന ജഹാംഗീറിന്റെ പത്‌നി നൂര്‍ജഹാന്‍ ആണ് ഈ ശവകുടീരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സ്വത്ത് നികുതിയും വെള്ളക്കരവും അടയ്ക്കണമെന്ന് ഇതിമാദുദ്ദൗലയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. രണ്ട് പൈതൃക കേന്ദ്രത്തിന്റെയും മേല്‍നോട്ടം പുരാവസ്തു വകുപ്പിനാണ്.

15 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് ആഗ്ര മുന്‍സിപ്പില്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. പഴയ നികുതികള്‍ അടച്ചിട്ടില്ല. ഇതിന്റെ പലിശയും ചേര്‍ത്താണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതേസമയം, പുരാവസ്തു വകുപ്പ് ഇക്കാര്യത്തില്‍ പറയുന്നത് മറ്റൊന്നാണ്. നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിലും സ്വത്ത് നികുതി പൈതൃക കേന്ദ്രങ്ങള്‍ക്ക് ബാധകമല്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിനാല്‍ വെള്ളക്കരവും താജ്മഹല്‍ അടയ്‌ക്കേണ്ടതില്ല. താജ്മഹല്‍ കോംപൗണ്ടിലെ പച്ചപ്പ് നിലനിര്‍ത്തുന്നതിനാണ് വെള്ളം ഉപയോഗിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരം നോട്ടീസ് താജ്മഹലിന് ലഭിക്കുന്നത്. തെറ്റായി അയച്ചതായിരിക്കാമെന്നും രാജ് കുമാര്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

1631നും 1648നും ഇടയില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ നിര്‍ദേശ പ്രകാരം നിര്‍മിച്ചതാണ് താജ്മഹല്‍. വെളുത്ത മാര്‍ബിള്‍ ഉപയോഗിച്ചാണ് ഈ മന്ദിരം പണിതത്. തിളക്കം മങ്ങാത്ത മാര്‍ബിളാണ് ഉപയോഗിച്ചത് എന്നതിനാല്‍ താജ്മഹല്‍ എന്നും അത്ഭുതമായി നിലകൊള്ളുന്നു. പത്‌നി മുംതസിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഈ വെള്ളക്കൊട്ടാരം നിര്‍മിച്ചത്.

ആഗ്രയിലെ യമുനാ നദീ തീരത്താണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ മന്ദിരമാണ് താജ്മഹല്‍. 1982ലാണ് താജ്മഹലിന് പ്രത്യേക പദവി യുനസ്‌കോ നല്‍കിയത്. ലോകത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം കൂടിയാണ് താജ്മഹല്‍. ഓരോ വര്‍ഷവും ഒരുലക്ഷം വിദേശികള്‍ താജ്മഹല്‍ കാണാനെത്തുന്നു എന്നാണ് കണക്ക്.

താജ്മഹലിനെതിരെ ഒരു വിഭാഗം വ്യാജ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നു എന്നാണ് ഇവരുടെ വാദം. താജ്മഹലിന്റെ യഥാര്‍ഥ പേര് തേജോമഹല്‍ ആണെന്നും ഇവര്‍ വാദിക്കുന്നു. താജ്മഹലിന്റെ അടച്ചിട്ട മുറികള്‍ തുറന്നു പരിശോധിക്കണമെന്നും അവിടെ വിഗ്രഹങ്ങളുണ്ടെന്നും ഒരു ഹര്‍ജി ബിജെപി നേതാവ് സമര്‍പ്പിച്ചിരുന്നു എങ്കിലും കോടതി തള്ളുകയാണ് ചെയ്തത്.












Click it and Unblock the Notifications