തമിഴ്‌നാട്ടില്‍ ഒവൈസിയും ടിടിവി ദിനകരനും ഒറ്റക്കെട്ട്; മജ്‌ലിസ് പാര്‍ട്ടി മൂന്ന് സീറ്റില്‍ മല്‍സരിക്കും
ചെന്നൈ: ബിഹാറിലും യുപിയിലും മികച്ച പ്രകടനം കാഴ്ചവച്ച അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി തമിഴ്‌നാട്, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയുമായി സഹകരിച്ചാണ് മല്‍സരിക്കുക. മൂന്ന് സീറ്റില്‍ എംഐഎം മല്‍സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വാണയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുക. ഇതില്‍ വാണിയമ്പാടി ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് നേതാക്കള്‍ പ്രതികരിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും പട്ടം ആയിരിക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ചിഹ്നം.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

മജ്‌ലിസ് പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകം 20 സീറ്റില്‍ മല്‍സരിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒവൈസിക്ക് പാര്‍ട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഒവൈസി ആരുമായി സഖ്യമുണ്ടാക്കുമെന്നാണ് ഇതുവരെ തമിഴകം ഉറ്റുനോക്കിയത്. എഐഎഡിഎംകെയുമായി ഒരിക്കലും ചേരില്ലെന്ന് മജ്‌ലിസ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഡിഎംകെയുമായോ ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴക (എഎംഎംകെ) വുമായോ ആണ് സഖ്യമുണ്ടാക്കുക എന്നായിരുന്നു അവസാനം പുറത്തുവന്ന വിവരം.
ഒവൈസിയുടെ പാര്‍ട്ടിയുമായി സഹകരിച്ച് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് ദിനകരന്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ 20 സീറ്റിലും പുതുച്ചേരിയില്‍ 2 സീറ്റിലും മല്‍സരിക്കാമെന്ന് മജ്‌ലിസ് പാര്‍ട്ടി വൃത്തങ്ങല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ദിനകരന്‍ അറിയിച്ചത് മൂന്ന് സീറ്റില്‍ മാത്രം മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുമെന്നാണ്.
ഡിഎംകെ സഖ്യത്തില്‍ രണ്ടു മുസ്ലിം കക്ഷികളുണ്ട്. മുസ്ലിം ലീഗും മനിതനേയ മക്കള്‍ കക്ഷിയും. ഒവൈസിയുടെ പാര്‍ട്ടിയെ ഈ സഖ്യത്തില്‍ എടുക്കുന്നതിനെതിരെ ആയിരുന്നു ഈ രണ്ട് പാര്‍ട്ടികളുടെയും നിലപാട്. തുടര്‍ന്ന് ഡിഎംകെ വാതില്‍ അടച്ചു. ശേഷം ഒവൈസിയുടെ പാര്‍ട്ടി ദിനകരനുമായി ചര്‍ച്ച നടത്തുകയായിരുന്നു. വിജയസാധ്യതയുള്ള മൂന്ന് സീറ്റുകളില്‍ മാത്രമാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ വക്കീര്‍ അഹമ്മദ് പറഞ്ഞു.
വികെ ശശികല ജയില്‍ മോചിതയായി വരുമ്പോള്‍ ദിനകരന്റെ പാര്‍ട്ടി വളരെ പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് ശശികല രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നിലെ സമ്മര്‍ദ്ദ ശക്തി ബിജെപിയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശശികല രാഷ്ട്രീയം വിട്ടതോടെ ദിനകരന്റെ ശക്തി ക്ഷയിക്കുമെന്നാണ് അണ്ണാഡിഎംകെ കരുതിയത്. ഈ സാഹചര്യത്തിലാണ് ദിനകരന്റെ പാര്‍ട്ടിയും ഒവൈസിയും കൈകോര്‍ത്തിരിക്കുന്നത്.
കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്












Click it and Unblock the Notifications