ഓണ്‍ലൈന്‍ റമ്മിക്ക് ഗെറ്റൗട്ട് അടിച്ച് തമിഴ്‌നാട്; കളിച്ചാല്‍ കുടുങ്ങും, കനത്ത ശിക്ഷയും പിഴയും
ചെന്നൈ: ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ അല്ലെങ്കില്‍ പണം നല്‍കി കളിക്കാനാവുന്ന എല്ലാ തരത്തിലുള്ള ഗെയിമുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നത് തമിഴ്നാട്ടില്‍ നിയമവിരുദ്ധമാണ്. ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇത്തരം ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഒപ്പുവച്ചതിന് പിന്നാലെയാണിത്. ഓര്‍ഡിനന്‍സ് അനുസരിച്ച്, ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫയല്‍ ലഭിച്ച ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടവും ആത്മഹത്യയും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്.

റിട്ട ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതി അംഗങ്ങള്‍ ജൂണ്‍ 27ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അന്ന് തന്നെ മന്ത്രി സഭയുടെ മുന്നിലെത്തി. തുടര്‍ന്ന് പൊതുജനങ്ങളുടെ അഭിപ്രായം തേടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് സര്‍വ്വേ നടത്തിയത്. ഈ ഓര്‍ഡിനന്‍സ് അഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രി സഭ അംഗീകരിച്ചു. തുടര്‍ന്നാണ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചത്. അതേസമയം, നിയമലംഘിക്കുന്നവര്‍ മൂന്ന് മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പരസ്യം നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ 5 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോയുള്ള ശിക്ഷയും ലഭിക്കും.

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി സേവനം വാഗ്ദാനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒരുമിച്ച് ലഭിക്കും. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത മുന്‍ ഉദ്യോഗസ്ഥനാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയുടെ തലവന്‍. ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഐ ടി വിദഗ്ധന്‍, മനഃശാസ്ത്രജ്ഞന്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയിലെ വിദഗ്ധന്‍ എന്നിവര്‍ പാനലിലെ മറ്റ് അംഗങ്ങളാണ്.

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തുന്ന കമ്പനികളുടെ പ്രവര്‍ത്തനത്തിന് അതോറിറ്റി മേല്‍നോട്ടം വഹിക്കും. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങളും ഡാറ്റയും ശേഖരിക്കുകയും ചെയ്യും. കൂടാതെ ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ ഉപദേശിക്കുകയും ചെയ്യും.












Click it and Unblock the Notifications