ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; ഡിഎംകെ 'തിരിച്ചടി' തുടങ്ങി... തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുന്നു
ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സുര്യ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. മധുരയില്‍ ശുചീകരണ തൊഴിലാളി മരിച്ചുവെന്നും എംപി വെങ്കിടേശ്വന്‍ മൗനം പാലിക്കുകയാണെന്നും സൂര്യ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഭരണകക്ഷിയായ ഡിഎംകെയും ബിജെപിയും തമ്മില്‍ പോര് മൂര്‍ഛിച്ചിരിക്കെയാണ് അറസ്റ്റ് എന്നത് എടുത്തുപറയേണ്ടതാണ്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിയെ കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ലെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശുചീകരണ തൊഴിലാളിയുമായി ബന്ധപ്പെട്ട് സൂര്യ ഉന്നയിച്ച ആരോപണം മധുര പോലീസ് തള്ളി. വ്യാജ പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അതേസമയം, എസ്ജി സൂര്യയുടെ അറസ്റ്റിനെതിരെ ബിജെപി രംഗത്തുവന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
ഡിഎംകെയുടെ സഖ്യകക്ഷിയായ ഇടതുപക്ഷ പാര്‍ട്ടികളുടെ ഇരട്ടമുഖം വെളിച്ചത്തുകൊണ്ടുവരികയാണ് എസ്ജി സൂര്യ ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ ട്വീറ്റ് ചെയ്തു. ഏകാധിപതിയുടെ രീതിയിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ വിമര്‍ശനം പോലും സഹിക്കുന്നില്ല. സത്യം പുറത്തുവിടുന്നത് തുടരുമെന്നും അണ്ണാമലൈ പ്രതികരിച്ചു.
മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടയുള്ള മലിനജലത്തില്‍ ജോലി ചെയ്യാന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് എസ്ജി സൂര്യ ആരോപിച്ചിരുന്നു. തൊഴിലാളിക്ക് പിന്നീട് അലര്‍ജിയുണ്ടാകുകയും രോഗ ബാധിതനാകുകയും ചെയ്തു എന്നാണ് ആരോപണം. സിപിഐ കൗണ്‍സിലര്‍ വിശ്വനാഥനെതിരെയും സൂര്യ രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications