തമിഴ്നാട്ടിൽ സപ്റ്റംബർ 1 മുതൽ സ്കൂൾ തുറക്കും; 9 മുതൽ 12ാം ക്ലാസ് വരെ
ചെന്നൈ; കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. സപ്റ്റംബർ ഒന്ന് മുതൽ 9 ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസുകൾ പുനരാരംഭിക്കുക. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പൂർണ്ണമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.പ്രതിരോധ കുത്തിവയ്പ്പിന് യോഗ്യരായ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും കുത്തിവയ്പ് എടുക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

50% ശേഷിയിൽ മാത്രമേ സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന് സർക്കാർ അറിയിച്ചു. ഹാൻഡ് സാനിറ്റൈസറുകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് ഉറപ്പാക്കണമെന്നും സർക്കാർ വ്യക്തമാക്കി. ക്ലാസുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് താപനില പരിശോധന നിർബന്ധമാണ്.രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തമിഴ്നാട്ടിൽ വീണ്ടും സ്കൂളുകൾ അടച്ചത്. അതേസമയം തമിഴ്നാട്ടിൽ ചൊവ്വാഴ്ച 1804 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,92,436 ആയി. ഇതുവരെ നാല് കോടി പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.
കൊവിഡ് ഭീതിക്ക് പിന്നാലെ രാജ്യത്തെ 15 ലക്ഷത്തിലധികം സ്കൂളുകളായിരുന്നു അടച്ചത്. അതേസമയം കൊവിഡ് ഒന്നാം തരംഗം അവസാനിച്ചതോടെ ചില സ്കൂളുകൾ പുനരാരംഭിച്ചെങ്കിലും കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സ്കൂളുകൾ വീണ്ടും അടയ്ക്കുകയായിരുന്നു.. നിലവിൽ 25 കോടിയിലധികം സ്കൂൾ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നതായാണ് കണക്കുകൾ.
നീണ്ട നാൾ സ്കുളൂകൾ അടഞ്ഞ് കിടക്കുന്നത് കുട്ടികളുടെ മാനസിക,ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതായി ആശങ്ക ശക്തമാണ്. സ്കൂളുകൾ അടഞ്ഞ് കിടക്കുന്നത്. കുടുംബങ്ങളുടെ സാമൂഹിക ഘടനയെ ബാധിച്ചുവെന്നും ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതിനും കുട്ടികളെ വീട്ടിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും കാരണമായെന്നും നേരത്തേ പാർലമെന്ററി പാനൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.ക്ലാസുകൾ ദീർഘനാൾ ഇല്ലാതാകുന്നത് വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കൊവിഡ് കേസുകൾ കുറഞ്ഞതോടെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ പുനരാരംഭിച്ചിട്ടുണ്ട്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം തന്നെ ക്ലാസുകൾ തുടങ്ങിയിരുന്നു. നിരവധി സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കാനുള്ള ആലോചനയിലാണ്. എന്നാൽ കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതിന് ഇനിയും കാലതാമസം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുതലാണ്.കേസുകള്‍ ഉയർന്ന സാഹചര്യത്തിൽ ഉടന്‍ ക്ളാസ് തുടങ്ങാനാവില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടില്ലെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്












Click it and Unblock the Notifications