ചികിത്സ നിഷേധിച്ചു; 17 കാരി പ്രസവിച്ചത് തെരുവിൽ! പൊക്കിള്‍കൊടി അറുത്തത് മണിക്കൂറുകൾക്ക് ശേഷം
കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പതിനേഴുകാരിക്കാണ് അധികൃതര്‍ ചികിത്സ നിഷേധിച്ചത്.
ജാർഖണ്ഡ്: കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി റോഡിൽ പ്രസവിച്ചു. ജാര്‍ഖണ്ഡിലെ സരയ്കേല ഖരസവാന്‍ ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പതിനേഴുകാരിക്കാണ് അധികൃതര്‍ ചികിത്സ നിഷേധിച്ചത്.
പൂർണ ഗർഭിണിയായ പെൺകുട്ടിയെ ഹെല്‍ത്ത് സെന്ററില്‍ നിന്നു നിര്‍ദയം ഇറക്കിവിട്ടു. പിന്നാലെ പെണ്‍കുട്ടി റോഡിന് സമീപം നാട്ടുകാര്‍ നോക്കി നില്‍ക്കെ കുഞ്ഞിന് ജന്മം നല്‍കി. കാഴ്ചക്കാരനായ നാട്ടുകാരുടെ മുന്നില്‍ ആരുടെയും സഹായമില്ലാതെയായിരുന്നു പ്രസവം.

സംഭവം ഇങ്ങനെ: പ്രസവ വേദന അനുഭവപ്പെട്ട പെണ്‍കുട്ടി തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഹെല്‍ത്ത് സെന്ററില്‍ സഹായം തേടിയെത്തിയിരുന്നു.. എന്നാല്‍ ഒറ്റയ്ക്കെത്തിയ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ചികിത്സ നിഷേധിച്ച് പറഞ്ഞയച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിയോടെ ഹെല്‍ത്ത് സെന്ററില്‍ നിന്നും 30 മീറ്റര്‍ മാത്രം അകലെ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. റോഡിന് സമീപം ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും കാഴ്ചക്കാരായി നിൽക്കുകയാണ് ചെയ്തത്. വാഹനങ്ങളില്‍ നിരവധി ആളുകള്‍ കടന്നു പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. സഹായത്തിന് വേണ്ടി പെൺകുട്ടി വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും എല്ലാവരും അവൾക്ക് നേരെ കണ്ണടക്കുകയാണ് ചെയ്തത്. എന്നാൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയേയും കുഞ്ഞിനേയും ശ്രദ്ധയില്‍പ്പെട്ട ഓം പ്രകാശ് എന്നയാളാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. ഹെല്‍ത്ത് സെന്ററില്‍ സഹായത്തിനായി എത്തിയപ്പോള്‍ വീണ്ടും കൈയൊഴിയുകയാണ് ചെയ്തത്. തുടര്‍ന്ന് പോലീസില്‍ വിവരമറിക്കുകയായിരുന്നു.
പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് സെന്ററില്‍ നിന്നും മെഡിക്കല്‍ ഓഫീസറെത്തിയാണ് അമ്മയേയും കുഞ്ഞിനേയും ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടി മുറിച്ചത്. ശേഷം കുഞ്ഞിനേയും അമ്മയേയും ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് മഹിള സുരക്ഷ ഗൃഹത്തിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുട്ടിയും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ഹെല്‍ത്ത് സെന്റര്‍ അധികൃതരുടെ നടപടി തെറ്റാണെന്ന് ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ലളിത കശ്യപ് പറഞ്ഞു. പെണ്‍കുട്ടി സഹായം തേടിയെത്തിയപ്പോള്‍ രണ്ട് നഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ മറ്റൊരു പ്രസവമെടുക്കുന്ന തിരക്കിലായിരുന്നുവെന്നും അതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നും ലളിത കശ്യപ് പറഞ്ഞു












Click it and Unblock the Notifications