കർണാടക തന്ത്രം തെലങ്കാനയിലും വിജയിച്ചു: കനുഗോലുവിന് മുന്നില്‍ ഇനി കേരളം, പിണറായി വീഴുമോ?
ബംഗളുരു: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയം കർണാടകയിലെ കോൺഗ്രസ് ഘടകത്തിനും അഗ്നിപരീക്ഷണ വിജയമായി മാറി. കർണാടകത്തില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു തെലങ്കാനയിലും ഏറെക്കുറെ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. അയൽ സംസ്ഥാനത്തിന്റെ പ്രചാരണത്തിലും കർണാടകയിലെ നേതാക്കൾ നിർണായക പങ്ക് വഹിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായിരുന്നു തെലങ്കാനയില താരപ്രചാരകർ. ഇതിന്റെ പേരില്‍ കർണാടകയില്‍ അവർ ഏറെ വലിയ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. കർണാടകയിലെ കോണ്‍ഗ്രസിന്റെ വലിയ വിജയവും വാഗ്ദാനങ്ങളും തെലങ്കാനയിലെ തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഫലം പുറത്ത് വന്നപ്പോള്‍ അത് സത്യമാണെന്ന് തെളിയുകയും ചെയ്തു.

അധികാരമേറ്റതിന് ശേഷം, കർണാടകയിലെ കോൺഗ്രസ് സർക്കാർ, സബ്‌സിഡിയുള്ള വൈദ്യുതി, എല്ലാ കുടുംബങ്ങളിലെയും സ്ത്രീകൾക്ക് 2000 രൂപ സഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 10 കിലോ സൗജന്യ അരി എന്നിവയുൾപ്പെടെയുള്ള വാഗ്ദാന ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തെലങ്കാന കോണ്‍ഗ്രസ് നേതൃത്വവും ക്ഷേമ സംരംഭങ്ങൾ വാഗ്ദാനം ചെയ്തത്.
പ്രചാരണത്തിന്റെ ഭാഗമായി, ദിനേശ് ഗുണ്ടു റാവു, പ്രിയങ്ക് ഖാർഗെ, കെ എച്ച് മുനിയപ്പ, കൃഷ്ണ ബൈരേ ഗൗഡ, ഈശ്വര ഖന്ദ്രെ, എം സി സുധാകർ, ശരൺ പ്രകാശ് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തു. . കർണാടകയിലെ നേതാക്കളുടെ ശ്രദ്ധ അവരുടെ സ്വന്തം സംസ്ഥാനത്ത് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിജയകരമായി നടപ്പാക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലായിരുന്നു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനുഗോലുവിന്റെ നീക്കങ്ങളും തെലങ്കാനയില്‍ കോണ്‍ഗ്രസിന് കരുത്ത് പകർന്നു. നേരത്തെ കർണാടകയില്‍ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കനുഗോലുവായിരുന്നു. കർണാടകയിൽ കനുഗോലുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ അതേ തന്ത്രങ്ങൾ തെലങ്കാനയിലും കോൺഗ്രസ് നടപ്പാക്കുകയായിരുന്നു.
തെലങ്കാനയിൽ കെസിആർ ആധിപത്യം അവസാനിപ്പിച്ച് കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യം വിജയം കണ്ടതോടെ കനുഗോലു അടുത്തതായി ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ ചുമതല ഇതിനോടകം തന്നെ അദ്ദേഹം ഏറ്റെടുത്ത് കഴിഞ്ഞു. കെസിആറിന്റെ പത്ത് വർഷത്തെ ഭരണം അവസാനിപ്പിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുത്തത് പോലെ കേരളത്തില്‍ പത്ത് വർഷത്തെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കനുഗോലുവിന് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications