ഇവരുടെ സമ്പത്തിന് മുന്നില്‍ രജനീകാന്തൊന്നും ഒന്നുമല്ല: തെലങ്കാന കോടീശ്വരന്മാരായ സ്ഥാനാർത്ഥികള്‍ ഇതാ
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും വലിയ കോടീശ്വരനായി കോണ്‍ഗ്രസ് നേതാവായ ജി വിവേകാനന്ദന്‍. ചെന്നൂർ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ഇദ്ദേഹത്തിന്റെ ആസ്തി 600 കോടി രൂപയില്‍ അധികമാണ്. 460 കോടി രൂപയുമായി കോണ്‍ഗ്രസില്‍ നിന്ന് തന്നേയുള്ള പി ശ്രീനിവാസ് റെഡ്ഡിയാണ് തൊട്ടുപിന്നിൽ. അതായത് ഇരുവരുടേയും ആസ്തി തെന്നിന്ത്യന്‍ സൂപ്പർ സ്റ്റാർ രജനീകാന്തിനേക്കാള്‍ കൂടുതലാണ്.
വിവേകിനും ഭാര്യയ്ക്കും 377 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കൾ സ്വന്തമായുണ്ട്. 1981 ൽ സ്ഥാപിതമായ അദ്ദേഹത്തിന്റെ സ്വന്തം വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. കുടുംബത്തിന്റെ സ്ഥാവര സ്വത്ത് 225 കോടി രൂപയിലധികമാണ്. വിവേകിനും ഭാര്യയ്ക്കും 41.5 കോടി രൂപയുടെ ബാധ്യതകളോ വായ്പകളോ ഉണ്ടെന്നും അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വിവേകിന്റെ വാർഷിക വരുമാനം 2019 സാമ്പത്തിക വർഷത്തിലെ 4.66 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 6.26 കോടി രൂപയായി ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടേത് അതേ കാലയളവിൽ 6.09 കോടി രൂപയിൽ നിന്ന് 9.61 കോടി രൂപയായും ഉയർന്നു. പാലയർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പി ശ്രീനിവാസ് റെഡ്ഡിക്ക് 44 കോടി രൂപ ബാധ്യതകളുള്ള ജംഗമവും സ്ഥാവരവുമായ 460 കോടി രൂപയുടെ സ്വത്താണ് കാണിച്ചിരിക്കുന്നത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസമായ നവംബർ 9ന് ശ്രീനിവാസ് റെഡ്ഡിയുടെ ഖമ്മമിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥി രാജ് ഗോപാൽ റെഡ്ഡിയുടെ 2022-23 ലെ വരുമാനം 2019 സാമ്പത്തിക വർഷത്തിലെ 36.6 ലക്ഷം രൂപയിൽ നിന്ന് 71.17 കോടി രൂപയായി ഉയർന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആകെ ആസ്തി 459 കോടി രൂപയാണ്.
ബിആർഎസ് സ്ഥാനാർത്ഥി പൈല ശേഖർ റെഡ്ഡി തന്റെ കുടുംബത്തിന് 83 കോടിയിലധികം ബാധ്യതകളുള്ള 227 കോടി രൂപയുടെ ആസ്തി തിരഞ്ഞെടുപ്പ് പത്രികയില്‍ കാണിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് 59 കോടി രൂപയുടെ കുടുംബ ആസ്തിയും 25 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്ക് സ്വന്തമായി കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തെലങ്കാനയിലെ തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്ക് വിവിധ പാർട്ടികളിൽ നിന്നായി 4,798 സ്ഥാനാർത്ഥികൾ 5,716 സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നവംബർ 13-ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും, തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ അനുസരിച്ച് നവംബർ 15 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. നവംബർ 30ന് വോട്ടെടുപ്പും ഡിസംബർ മൂന്നിന് വോട്ടെണ്ണലും നടക്കും.












Click it and Unblock the Notifications