ജമ്മു കശ്മീരിൽ തീവ്രവാദികൾ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി; തോട്ടം ഉടമയെ തല്ലിച്ചതച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികൾ രാജസ്ഥാനിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തുകയും തോട്ടം ഉടമയെ ആക്രമിക്കുകയും ചെയ്തെന്ന് കശ്മീർ പോലീസ്. രണ്ട് തീവ്രവാദികൾ ചേർന്നാണ് ആക്രമണം നടത്തിയത്. ഇതിലൊരാൾ പാക് സ്വദേശിയാണെന്നാണ് സൂചന.
ഫരീഫ് ഖാൻ എന്ന ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. താഴ്വരയിൽ നിന്നുമുള്ള ആപ്പിൾ കയറ്റുമതി തടസ്സപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നേരത്തെ തീവ്രവാദികൾ വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ടൺ കണക്കിന് ആപ്പിളുകൾ നശിപ്പിക്കുകയും ആപ്പിൾ മരങ്ങൾക്ക് തീയിടുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.

72 ദിവസത്തെ നിയന്ത്രണത്തിന് ശേഷം കശ്മീരിൽ പ്രീ പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച നടന്ന അക്രമ സംഭവം നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അക്രമികൾ ട്രക്ക് കത്തിച്ചതിനെ തുടർന്നാണ് ഡ്രൈവർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞയാഴ്ച ശ്രീനഗറിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പേർക്ക് പരുക്കേറ്റിരുന്നു. അനന്ത്നാഗിലെ കളക്ട്രേറ്റിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 14 പേർക്ക് പരുക്കേറ്റിരുന്നു.












Click it and Unblock the Notifications