ഇന്ത്യയെന്ന ആഗോള മധ്യസ്ഥന്റെ ഉദയം; ബ്രിക്‌സും ജി7 ഉം അടയാളപ്പെടുത്തുന്നത്...

ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ പങ്ക് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ബ്രിക്‌സ് ഉച്ചകോടി. ചൈന, റഷ്യ തുടങ്ങിയ വമ്പന്‍മാരുമായും മറ്റ് വികസ്വര രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ സമര്‍ത്ഥമായി കൈകാര്യം ചെയ്യുകയാണ്. അതേസമയം കാനഡ ഒഴികെയുള്ള ജി7 ലെ പാശ്ചാത്യരാജ്യങ്ങളുമായും ശക്തമായ ബന്ധം നിലനിര്‍ത്തുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ നേരിടാതെ തന്നെ ഈ ഗ്രൂപ്പുകളോടെല്ലാം ഇടപഴകാനുള്ള കഴിവാണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. അതുവഴി ആഗോള നയതന്ത്രത്തില്‍ വ്യത്യസ്ത കക്ഷികള്‍ തമ്മിലുള്ള വിടവ് നികത്താന്‍ സഹായിക്കുന്ന ഒരു പ്രധാന ഇടനിലക്കാരനായി ഇന്ത്യ അവരോധിക്കപ്പെടുകയാണ്.

BRICS

റഷ്യയിലെ കസാനില്‍ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടി ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ അതുല്യമായ പങ്ക് വെളിവാക്കുന്നതായിരുന്നു. ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തുടങ്ങിയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതായിരുന്നു ഇത്.

ലോക വേദിയില്‍ ഇന്ത്യയുടെ സുപ്രധാന സ്ഥാനം ഉച്ചകോടി ഉയര്‍ത്തിക്കാട്ടി. പ്രശസ്ത ആഗോള രാഷ്ട്രീയ വിദഗ്ധന്‍ ഇയാന്‍ ബ്രെമ്മറും ഗ്ലോബല്‍ സൗത്തിലെ ഇന്ത്യയുടെ നേതൃത്വത്തെയും ചൈനയുമായി സുസ്ഥിരമായ ബന്ധം നിലനിര്‍ത്താനുള്ള കഴിവിനെയും പ്രശംസിച്ചു.

ബ്രിക്സ് ഉച്ചകോടിയില്‍ മോദി നിരവധി ലോക നേതാക്കളുമായി നടത്തിയ സുപ്രധാന ചര്‍ച്ചകള്‍ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളുടെ തെളിവാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് അതില്‍ പ്രധാനം. നാല് വര്‍ഷത്തിന് ശേഷമുള്ള ഇരു നേതാക്കളുടേയും ഔപചാരിക സംഭാഷണമായിരുന്നു ഇത്. ആഗോളതലത്തില്‍ ചൈനയെപ്പോലുള്ള വന്‍ശക്തികളുമായുള്ള ബന്ധം സന്തുലിതമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയാണ് ഇത് എടുത്ത് കാണിക്കുന്നത്.

തങ്ങളുടെ സൈനിക മേധാവികള്‍ തമ്മില്‍ 30-ലധികം റൗണ്ട് ചര്‍ച്ചകള്‍ നടത്തിയ നാല് വര്‍ഷം നീളുന്ന സൈനിക തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് എന്നതും ശ്രദ്ധേയമായി. അയല്‍ക്കാരുമായുള്ള പിരിമുറുക്കം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യത്തെ ഇത് എടുത്തുകാണിക്കുന്നു. അതിനൊപ്പം തന്നെ ഒരു ആഗോള മധ്യസ്ഥന്റെ ഒരു പങ്ക് വഹിക്കാനും ഇന്ത്യ ശ്രമിക്കുന്നു.

റഷ്യയെ അനുകൂലിക്കുന്നവരും ഉക്രെയ്‌നിനെ അനുകൂലിക്കുന്നവരും ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് പരിഹാരം കാണുന്നതിനുള്ള സഹായത്തിനായി ന്യൂഡല്‍ഹിയെ ആണ് പ്രതീക്ഷയോടെ നോക്കുന്നത്. ഈ സമയം ഇന്ത്യ അതിന്റെ നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ സന്തുലിതമാക്കുകയാണ്. റഷ്യയിലും ഉക്രെയ്നിലും ഒരേ പോലെ ബഹുമാനത്തോടെയും ആദരവോടെയും സ്വീകരിക്കപ്പെടുന്ന ഏക ലോകനേതാവ് മോദിയാണ്.

ഉച്ചകോടിയില്‍ ഇറാനിലെ മസൂദ് പെസെഷ്‌കിയാനുമായി മോദി കൂടിക്കാഴ്ച നടത്തുകയും ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു. പാകിസ്ഥാനുള്ള ചൈനയുടെ പിന്തുണ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയില്‍ ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് ഭീഷണിയായ തീവ്രവാദ ഗ്രൂപ്പുകളെ ആ രാജ്യം പിന്തുണയ്ക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും പാകിസ്ഥാനെ പ്രതിരോധിക്കുന്നത് തുടരുന്ന രാജ്യങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ബ്രിക്‌സിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കുന്ന ശക്തി എന്ന നിലയില്‍ അതിനെ പ്രഥമസ്ഥാനത്ത് എത്തിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുടെയും ലോക സമ്പദ്വ്യവസ്ഥയുടെയും ഭാവി രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് ഇത് കാണിക്കുന്നു. ബ്രിക്സിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായതിനാല്‍ നേതൃപരമായ പങ്ക് ഏറ്റെടുക്കുന്നതിനും ഡിജിറ്റല്‍ സാങ്കേതികവിദ്യ, സുസ്ഥിര വികസനം, അന്തര്‍ദേശീയ നയതന്ത്രം എന്നിവയില്‍ തങ്ങളുടെ ശക്തി ഉപയോഗിക്കാനും ഇന്ത്യ തയ്യാറാണ്.

ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇത് ഇന്ത്യയെ സഹായിക്കും. സുസ്ഥിര ആഗോള വികാസത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തുക എന്ന പ്രമേയവുമായി നടക്കുന്ന ഉച്ചകോടി ഇന്ത്യയുടെ വിദേശനയത്തിന് അനുകൂലമാണ്. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ചൈനയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ആഗോള ഭരണപരിഷ്‌കാരങ്ങളില്‍ പങ്ക് വഹിക്കാനും ഇത് ഇന്ത്യക്ക് അവസരം നല്‍കുന്നു. ചേരിചേരാ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അതുല്യമായ സ്ഥാനം, റഷ്യയുമായും പാശ്ചാത്യരാജ്യങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്തുന്നത് എന്നിവയെല്ലാം ആഗോള സംഘര്‍ഷങ്ങളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ അനുവദിക്കുന്നു.

ഉക്രെയ്‌നുമായുള്ള റഷ്യയുടെ നിരന്തരമായ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ശക്തികള്‍ തങ്ങളുടെ സഖ്യങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്ന സമയത്താണ് മോദിയുടെ സന്ദര്‍ശനം. ഈ ഉച്ചകോടിയിലെ നയതന്ത്രത്തിലും തുറന്ന ചര്‍ച്ചകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി യുക്തിയുടെ ശബ്ദമെന്ന നിലയില്‍ ഇന്ത്യയുടെ സ്വാധീനത്തെ എടുത്തുകാണിക്കുന്നു.

വിഭവ സമൃദ്ധമായ റഷ്യന്‍ ആര്‍ട്ടിക്, നോര്‍ത്തേണ്‍ സീ റൂട്ട് (എന്‍എസ്ആര്‍) എന്നിവയില്‍ ഇന്ത്യയുടെ പങ്കാളിത്തം പ്രധാന ചര്‍ച്ചാ വിഷയങ്ങളാകും. ഇന്‍ഡോ-റഷ്യന്‍ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് എന്‍എസ്ആര്‍ വഴിയുള്ള ഇന്ത്യ-റഷ്യന്‍ ചരക്ക് ഗതാഗതം, ആര്‍ട്ടിക് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത പദ്ധതികള്‍, ധ്രുവജലത്തില്‍ നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഇന്ത്യന്‍ നാവികര്‍ക്ക് സാധ്യമായ പരിശീലന പരിപാടികള്‍ എന്നിവ ലക്ഷ്യമിടുന്നു.

ബ്രിക്‌സ് ഉച്ചകോടിയിലെ സുരക്ഷാ ചര്‍ച്ചകള്‍ തീവ്രവാദ വിരുദ്ധതയിലും പ്രാദേശിക സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു. ഇതില്‍ ശക്തമായ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയെയും ഏഷ്യന്‍ മേഖലയെയും ബാധിക്കുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദ ഭീഷണികളെ നേരിടാന്‍ മികച്ച ഇന്റലിജന്‍സ് സഹകരണത്തിനും മോദി ആഹ്വാനം ചെയ്തു.

2024 ലെ ബ്രിക്സിലെ ഇന്ത്യയുടെ നേതൃത്വം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു പ്രധാന കണ്ണിയെന്ന നിലയില്‍ അതിന്റെ പങ്ക് എടുത്തുകാണിക്കുന്നതാണ്. സവിശേഷമായ ഭൗമരാഷ്ട്രീയ സ്ഥാനവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഉപയോഗിച്ച്, ഇന്ത്യ സഹകരണവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നു. ജി7 രാജ്യങ്ങളുമായുള്ള (കാനഡ ഒഴികെ) ഇന്ത്യയുടെ ശക്തമായ ബന്ധത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍, പ്രാദേശിക സ്ഥിരത, സുരക്ഷാ പങ്കാളിത്തം, തീവ്രവാദ വിരുദ്ധത, ഇന്‍ഡോ-പസഫിക്കിലെ സമുദ്രസുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ജി7 മായി യോജിക്കുന്നതാണ്.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരിക്കുകയാണ്. ഈ നയതന്ത്ര തര്‍ക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തെയും വ്യാപാരത്തെയും ബാധിച്ചു. എന്നാലും മറ്റ് ജി7 രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ ഇടപഴകല്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പില്ലാതെ ഒരു ആഗോള നയതന്ത്ര പാലമെന്ന നിലയില്‍ അതിന്റെ അതുല്യമായ പങ്ക് എടുത്തുകാണിക്കുന്നു.

2023 ഒക്ടോബര്‍ 7-ന് ആരംഭിച്ച ഗാസ സംഘര്‍ഷം പോലുള്ള ആഗോള സംഘട്ടനങ്ങളില്‍ ഇന്ത്യയുടെ ശ്രദ്ധ അതിന്റെ തന്ത്രപരമായ നയതന്ത്ര നിലപാട് കാണിക്കുന്നു. ഇരുഭാഗത്തും സംയമനം പാലിക്കണമെന്നും ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കണമെന്നുമുള്ള ഇന്ത്യയുടെ പ്രതികരണം അന്താരാഷ്ട്ര കാര്യങ്ങളില്‍ വര്‍ധിച്ച് വരുന്ന രാജ്യത്തിന്റെ സ്വാധീനത്തേയും വിദേശനയത്തെയും പ്രതിഫലിപ്പിക്കുന്നു.

ഇസ്രയേലുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കുമ്പോള്‍ തന്നെ പലസ്തീനിനുള്ള ദീര്‍ഘകാല പിന്തുണ സന്തുലിതമാക്കാനുള്ള ഇന്ത്യയുടെ കഴിവ് സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കുന്നു. ഈ ഇരട്ട സമീപനം അതിലോലമായ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയുടെ വൈദഗ്ധ്യം എടുത്ത് കാണിക്കുന്നു.

ചുരുക്കത്തില്‍, ബ്രിക്‌സിലെ ഇന്ത്യയുടെ നേതൃത്വം അതിന്റെ അതുല്യമായ ഭൗമരാഷ്ട്രീയ പങ്കിനെ അടിവരയിടുന്നതാണ്. കാനഡ ഒഴികെയുള്ള ജി7 രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം തുടരുന്നതിനിടയില്‍ ചൈന, റഷ്യ, ഗ്ലോബല്‍ സൗത്ത് എന്നിവയുമായുള്ള ബന്ധം സമര്‍ത്ഥമായി സന്തുലിതമാക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വലിയ തിരിച്ചടിയില്ലാതെ ആഗോളതലത്തില്‍ ഇടപെടാനുള്ള ഇന്ത്യയുടെ കഴിവ് അതിനെ ഒരു പ്രധാന നയതന്ത്ര പാലമായി വിശേഷിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇന്ത്യ പാത തുറക്കുകയും ശക്തമായ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുകയും സാംസ്‌കാരിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുവഴി ബ്രിക്സിനുള്ളിലും ആഗോള തലത്തിലും ഒരു നേതാവായി ഇന്ത്യ ഉയര്‍ന്ന് വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+