'ബിജെപിയിൽ ചേരാൻ അവർ എന്നെ നിർബന്ധിക്കുന്നു..താൻ മുട്ടുമടക്കില്ല'; അരവിന്ദ് കെജ്രിവാൾ
ഡൽഹി: ബി ജെ പിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബി ജെ പിക്കാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എന്നാൽ ഒരിക്കലും അവർക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ ഒരു സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്കെതിരെ എന്ത് ഗൂഢാലോചന വേണമെങ്കിലും അവർക്ക് നടത്താൻ സാധിക്കും. എന്നാൽ ഉറച്ച് തന്നെ നിൽക്കുകയാണ്. ഞാൻ മുട്ട് മടക്കില്ല. അവർ എന്നോട് ബി ജെ പിയിൽ ചേരാനാണ് ആവശ്യപ്പെടുന്നത്. അതിനുശേഷം അവർ എന്നെ തനിച്ചാക്കും. ഞാൻ പറഞ്ഞിട്ടുണ്ട് ഞാനൊരിക്കലും ബി ജെ പിയിലേക്ക് പോകില്ല, ബി ജെപി യിൽ ചേരില്ല, ഒരിക്കലും അത് നടക്കില്ല', കെജ്രിവാൾ പറഞ്ഞു.

ഡൽഹി സർക്കാർ എല്ലാ വർഷവും ബജറ്റിൻ്റെ 40 ശതമാനം സ്‌കൂളുകൾക്കും ആശുപത്രികൾക്കുമായി ചെലവഴിക്കുമ്പോൾ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ദേശീയ ബജറ്റിൻ്റെ 4 ശതമാനം മാത്രമാണ് ചെലവഴിക്കുന്നതെന്നും കെജ്രിവാൾ പരിപാടിയിൽ കുറ്റപ്പെടുത്തി. വിവിധ അന്വേഷണ ഏജൻസികൾ തങ്ങളുടെ നേതാക്കൾക്ക് പുറകെയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ എല്ലാ ഏജൻസികളും ഞങ്ങൾക്ക് പിന്നാലെയാണ്. മനീഷ് സിസോദിയ ചെയ്ത തെറ്റ് അദ്ദേഹം നല്ല സ്‌കൂളുകൾ നിർമ്മിക്കാൻ പ്രവർത്തിച്ചു എന്നതാണ്. നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമ്മിച്ചു എന്നതാണ് സത്യേന്ദ്ര ജെയിൻ ചെയ്ത തെറ്റ്. മനീഷ് സിസോദിയ സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയില്ലായിരുന്നു. അവർ പലതരം ഗൂഢാലോചനയും നടത്തി, പക്ഷേ ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല', കെജ്രിവാൾ പറഞ്ഞു.
തങ്ങളുടെ എം എൽ എമാരെ ചാക്കിടാൻ ബി ജെ പി ശ്രമിക്കുന്നുണ്ടെന്ന ആരോപണത്തിൽ മന്ത്രി അതിഷിക്കെതിരായ ക്രൈബ്രാഞ്ച് നടപടിക്കിടെയാണ്കെജ്രിവാളിന്റെ പരാമർശം. ഏഴ് എ എ പി എംഎല്‍എമാരെ ബി ജെ പി സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു അതിഷിയുടെ ആരോപണം. ആരോപണത്തിൽ അതിഷിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ നേരത്തേ കെജ്രിവാളിനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ബി ജെ പി സമീപിച്ചതായി അവകാശപ്പെടുന്ന എ എ പി എം എല്‍ എമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications