'ഇത് നിങ്ങളെ കുറിച്ചുള്ള തിരഞ്ഞെടുപ്പ് അല്ല'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
കർണാടക നിയമസഭതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയെ കുറിച്ചുള്ളതല്ലെന്ന് അദ്ദേഹം മനസിലാക്കണമെന്ന് രാഹുൽ തുറന്നടിച്ചു. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന മോദിയുടെ ആരോപണത്തോടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
'കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുന്നു, പക്ഷേ കർണാടകത്തെക്കുറിച്ച് സംസാരിക്കുന്നില്ല, നിങ്ങളെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്.ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളേയും ഭാവി പദ്ധതികളേയും കുറിച്ചാണ് മോദി സംസാരിക്കേണ്ടത്. അല്ലാതെ അദ്ദേഹത്തെ കുറിച്ചല്ല', രാഹുൽ ഗാന്ധി പറഞ്ഞു.

'കഴിഞ്ഞ മൂന്ന് വർഷമായി നിങ്ങൾ കർണാടകയിൽ എന്താണ് ചെയ്തതെന്ന് പറയണം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ എന്തുചെയ്യും, യുവാക്കൾ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നിവയ്ക്കായി എന്തുചെയ്യും എന്നതിനെക്കുറിച്ചും നിങ്ങളുടെ പ്രസംഗങ്ങളിൽ സംസാരിക്കണം', രാഹുൽ ഗാന്ധി പറഞ്ഞു.
'ഈ തിരഞ്ഞെടുപ്പ് നിങ്ങളെ കുറിച്ചുള്ളതല്ല, കർണാടകത്തിലെ ജനങ്ങളെ കുറിച്ചും അവരുടെ ഭാവിയെ കുറിച്ചും ഉള്ളതാണ്. കോൺഗ്രസ് നിങ്ങളെ 91 തവണ അധിക്ഷേപിച്ചുവെന്ന് നിങ്ങൾ പറയുന്നു, എന്നാൽ നിങ്ങൾ കർണാടകത്തിന് വേണ്ടി ചെയ്തതിനെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല. അടുത്ത പ്രസംഗത്തിൽ, നിങ്ങൾ എന്താണ് ചെയ്തതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ എന്തുചെയ്യുമെന്നും നിങ്ങൾ സംസാരിക്കണം', രാഹുൽ പറഞ്ഞു.
ഞങ്ങളുടെ എല്ലാ നേതാക്കന്മാരുടെയും പേരുകൾ ഞങ്ങൾ പ്രസംഗത്തിൽ പരാമർശിക്കാറുണ്ട്. എന്നാൽ മോദി ഇവിടെ വന്ന് അവരുടെ മുഖ്യമന്ത്രി (ബാസവരാജ് ബൊമ്മൈ), ബി എസ് യെദ്യൂരപ്പ (മുൻ മുഖ്യമന്ത്രി) എന്നിവരുടെ പേര് പോലും പറയാൻ മടിക്കുന്നു. നിങ്ങളുടെ പ്രസംഗങ്ങളെല്ലാം നിങ്ങളെ കുറിച്ച് മാത്രമാണ്.ബൊമ്മൈയുടെയും യെഡിയൂരപ്പയുടെയും പേരുകൾ ഒന്നോ രണ്ടോ തവണയെങ്കിലും പറയാൻ ശ്രമിക്കൂ, അവർക്ക് സന്തോഷമാകും'
ഈ തിരഞ്ഞെടുപ്പ് ഒരാളെക്കുറിച്ചല്ല, നരേന്ദ്ര മോദിയെക്കുറിച്ചല്ല. ഇത് പ്രധാനമന്ത്രി മനസ്സിലാക്കണം. സംസ്ഥാനത്തെ അഴിമതിയെ കുറിച്ചും 40 ശതമാനം കമ്മീഷനും പ്രധാനമന്ത്രിക്ക് അഖിയാത്തതല്ല. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം... അതിനാൽ പ്രധാനമന്ത്രിയോടുള്ള എന്റെ ചോദ്യം കഴിഞ്ഞ മൂന്ന് വർഷമായി ഈ കൊള്ളയെക്കുറിച്ച് അറിഞ്ഞിട്ടും നിങ്ങൾ എന്തെങ്കിലും നടപടി സ്വീകരിച്ചുവെന്നാണ്. നിങ്ങൾ ഒന്നും ചെയ്തില്ല', അതിന് കർണടാകത്തിലെ ജനങ്ങളോട് നിങ്ങൾ മറുപടി പറയണം', രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications