പ്രാദേശിക കക്ഷികളെ അണിനിരത്തി പടനയിക്കാൻ മമത; ബിജെപിയെ പൂട്ടാനുള്ള തന്ത്രം ഇങ്ങനെ

ദില്ലി: കഴിഞ്ഞ ദിവസമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത്. വരും ദിവസങ്ങളിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ശിവസേന തലവൻ ഉദ്ധവ് താക്കറെ, ആം ആദ്മി തലവൻ അരവിന്ദ് കെജരിവാൾ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും. ബി ജെ പിക്കെതിരെ കോൺഗ്രസിനെ പുറത്ത് നിർത്തിക്കൊണ്ട് മൂന്നാം മുന്നണിക്ക് കോപ്പ് കൂട്ടുകയാണ് മമത. ബി ജെ പിയോടും കോൺഗ്രസിനോടും തുല്യ അകലം പാലിച്ച് പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തി പട നയിക്കുകയാണ് മമതയുടെ ലക്ഷ്യം. അതിന് കാരണവുമുണ്ട്.

ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത്
കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളായ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ 114 ലോക്‌സഭാ സീറ്റുകളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടാൽ ആ നഷ്ടം നികത്താൻ ബിജെപി ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. നിലനിൽ 200-250 ഓളം സീറ്റുകളിൽ പ്രാദേശിക കക്ഷികളാണ് ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ബിഹാറിൽ ഡെ ഡിയു, തമിഴ്നാട്ടിൽ ഡി എം കെ, മഹാരാഷ്ട്രയിൽ ശിവസേന എന്നിവരാണ് മമതയുടെ ലക്ഷ്യം. ഇവർക്കൊപ്പം കോൺഗ്രസും സഖ്യകക്ഷിയാണെങ്കിലും ഈ പാർട്ടികളാണ് സഖ്യം നയിക്കുന്നത് എന്നതിനാൽ തന്നെ മമതയുടെ നീക്കങ്ങളും ഈ പ്രാദേശിക കക്ഷികളെ ഉന്നം വെച്ചാണ്.

ഫണ്ടുകൾ ലഭിക്കാത്തതും
അടിസ്ഥാനപരമായി ഈ പാർട്ടികൾ നേരിടുന്നത്
പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ധാരണയാണ് മമത ആസൂത്രണം ചെയ്യുന്നത്. ഉദാഹരണത്തിന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ വേട്ടയാടൽ. ആം ആദ്മി, ടിഎംസി, എന്തിന് കോൺഗ്രസ്, ആർജെഡി, ബിആർഎസ് എന്നിങ്ങനെ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെയും കേന്ദ്ര ഏജൻസികളുടെ നടപടി ഉണ്ടായിട്ടുണ്ട്. ഇത് തീർച്ചയായും പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. മറ്റൊന്ന് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വിഹിതമാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഫണ്ടു ഒഴുകുന്നുവെന്നും അതേസമയം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഫണ്ടുകൾ ലഭിക്കാത്തതും ചൂണ്ടിക്കാട്ടി പ്രത്യത താരതമ്യ പഠനം നടത്താനാണ് തൃണമൂൽ പദ്ധതിയിടുന്നത്.

വിജയിക്കണമെന്നില്ലെന്നാണ് വിലയിരുത്തലുകൾ
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ പ്രതിപക്ഷത്ത് എത്തിക്കാനായിരിക്കും മമതയുടെ പ്രഥമ നീക്കം. ബി ജെ പിയെ എന്നും പിന്തുണയ്ക്കുന്ന സമീപനമാണ് പട്നായിക് സ്വീകരിച്ചിരുന്നത്. ബി ജെ പിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമാണ് ഒഡീഷ. 2019 ൽ 21 ൽ 8 സീറ്റ് മാത്രമായിരുന്നു ഇവിടെ നിന്ന് ബി ജെ പിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ പട്നായിക്കിന്റെ പിന്തുണ ഉറപ്പാക്കുന്നത് പ്രതിപക്ഷത്തിന് നേട്ടമാകുമെന്ന് മമത കരുതുന്നുണ്ട്. സമാന രീതിയിൽ മറ്റ് പ്രതിപക്ഷ കക്ഷികളേയും എത്തിക്കാനുള്ള ചരടുവലികളാണ് മമത നടത്തുന്നത്. എന്നാൽ മമതയുടെ നീക്കങ്ങൾ അത്ര പെട്ടെന്ന് വിജയിക്കമമെന്നില്ലെന്നാണ് വിലയിരുത്തലുകൾ.

കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ല
കാരണം പ്രതിപക്ഷ ഐക്യം ലക്ഷ്യം വെച്ച് കെ ചന്ദ്രശേഖരറാവുവിന്റെ ബി ആർ എസും നിതീഷ് കുമാറിന്റെ ജെ ഡി യുവും രംഗത്തിറങ്ങി കഴിഞ്ഞു. ഇതിൽ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നാണ് ജെ ഡി യു നിലപാട്. അതേസമയം കെജരിവാളും കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കാന്‍ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മറുവശത്ത് കോൺഗ്രസ് ആകട്ടെ രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖമായി ഉയർത്താനുള്ള ശ്രമങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തവണയും പ്രതിപക്ഷം ചിതറി നിൽക്കാനും അത് ബി ജെ പിക്ക് കൂടുതൽ ഗുണം ലഭിക്കാനും കാരണമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തകമാക്കുന്നത്.












Click it and Unblock the Notifications