യുപിയില്‍ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എഴുതിയവർക്ക് വിജയം; ഒടുവില്‍ അധ്യാപകർക്കെതിരെ നടപടി
ലക്നൗ: ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികളെ വിജയിപ്പിച്ച സംഭവത്തില്‍ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. വീർ ബഹാദൂർ സിംഗ് പൂർവാഞ്ചൽ സർവകലാശാലയിലെ രണ്ട് പ്രൊഫസർമാരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ജയ് ശ്രീം എന്നതിന് പുറമെ ക്രിക്കറ്റ് താരങ്ങളുടെ പേരും സിനിമ പാട്ടുകളുമൊക്കെയായിരുന്നു വിദ്യാർത്ഥികള്‍ ഉത്തരക്കടലസാല്‍ എഴുതിയിരുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് വിദ്യാഭ്യാസ വകുപ്പിലെ വന്‍ തട്ടിപ്പ് പുറത്ത് വന്നത്. ഉത്തരക്കടലാസില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാർത്ഥികള്‍ക്ക് അമ്പത് ശതമാനത്തിലധികം മാർക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍.

യൂണിവേഴ്‌സിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥികളെപ്പോലും 60 ശതമാനത്തിലധികം മാർക്ക് നൽകി വിജയിപ്പിച്ചതായി വിദ്യാർത്ഥി നേതാവായ ദിവ്യാൻഷു സിംഗ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, വൈസ് ചാൻസലർ എന്നിവർക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു. ഒന്നാം വര്‍ഷ ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സസ്പെന്‍ഷന് പുറമെ പ്രൊഫസര്‍മാരെ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയതായും വൈസ് ചാന്‍സലര്‍ വന്ദന സിംഗ് പറഞ്ഞു. "വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് നൽകിയതായി ആക്ഷേപമുണ്ടായിരുന്നു. അതിനാൽ ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചു. വിദ്യാർത്ഥികൾക്ക് അനധികൃതമായി കൂടുതൽ മാർക്ക് നൽകിയെന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ടില്‍ പറയുന്നത്" വൈസ് ചാൻസലർ വന്ദന സിംഗ് പറഞ്ഞു.
മതപരമായ മുദ്രാവാക്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ "ജയ് ശ്രീറാം ഉത്തരങ്ങളുള്ള കോപ്പി ഞാൻ കണ്ടിട്ടില്ല, എന്നാൽ വിദ്യാർത്ഥിക്ക് നൽകേണ്ട മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്രസക്തമായ ഒന്നും രേഖപ്പെടുത്താൻ കഴിയാത്ത ഒരു പകർപ്പ് ഞാൻ കണ്ടു. എഴുത്ത് പോലും വ്യക്തമായിരുന്നില്ല" എന്നായിരുന്നു വൈസ് ചാന്‍സ്ലറുടെ മറുപടി.
"ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ അധ്യാപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രമക്കേടില്‍ ഉൾപ്പെട്ട അധ്യാപകരെ പിരിച്ചുവിടാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഒരു മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എടുത്തുകഴിഞ്ഞാൽ കൂടുതല്‍ തുടർനടപടികൾ സ്വീകരിക്കും," വൈസ് ചാൻസലർ.വിഷയത്തിൽ നടപടിയെടുക്കാൻ രാജ്ഭവൻ സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു












Click it and Unblock the Notifications