മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം കത്തുന്നു..... 20000 കര്‍ഷകരുടെ മാര്‍ച്ചില്‍ മുംബെെ സ്തംഭിച്ചു
മുംബൈ: മാസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്ര വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് വേദിയാകുന്നു. കഴിഞ്ഞ തവണത്തെ പ്രക്ഷോഭത്തിലൂടെ ആവശ്യ കാര്യങ്ങള്‍ നേടിയെടുത്തെന്നായിരുന്നു കര്‍ഷകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദേവേന്ദ്ര ഫട്‌നാവിസ് തങ്ങളെ വഞ്ചിച്ചെന്നാണ് കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. മുംബൈ നഗരം മുഴുവന്‍ പ്രക്ഷോഭത്തില്‍ സ്തംഭിച്ച് നില്‍ക്കുകയാണ്. ബിജെപിക്കെതിരെ ജനവികാരം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വികാരം ആളിക്കത്തിക്കാന്‍ മാത്രമാണ് പാര്‍ട്ടിക്ക് സമയമുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു.
അതേസമയം ബിജെപിയുമായി ബന്ധമുള്ള സംഘടനയും ഈ സമരത്തിന്റെ ഭാഗമാണ്. ശിവസേനയടക്കമുള്ളവര്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയും പ്രതിപക്ഷമായ എന്‍സിപിയും കോണ്‍ഗ്രസും ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷക സമരം ഫട്‌നാവിസിനെ പ്രതിരോധത്തിലാക്കുന്നതാണ്. നേരത്തെ അവ്‌നിയെന്ന കടുവയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഫട്‌നാവിസ് സമ്മര്‍ദത്തിലാണ്. മേനകാ ഗാന്ധിയടക്കമുള്ളവര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത പ്രശ്‌നം ഉയര്‍ന്ന് വന്നിരിക്കുന്നത്.

ആസാദ് മൈതാനിലേക്ക് മാര്‍ച്ച്
20000 കര്‍ഷകരാണ് പ്രക്ഷോഭവും നയിച്ച് ആസാദ് മൈതാനിലെത്തിയിരിക്കുന്നത്. വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. വരള്‍ച്ചയില്‍ ദുരിതാശ്വാസം നല്‍കാനും, വനാവകാശ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ഇവര്‍ കണ്ടിട്ടുണ്ട്. അതേസമയം ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ പിന്തുണ കര്‍ഷകരുടെ മാര്‍ച്ചിനുണ്ട്.

താനെയില്‍ നിന്ന് തുടക്കം....
താനെയില്‍ നിന്ന് 5000 കര്‍ഷകരുമായിട്ടാണ് മാര്‍ച്ച് ആരംഭിച്ചത്. 23 കിലോമീറ്റര്‍ പിന്നിട്ടാണ് മുംബൈയിലെത്തിയത്. ഇതോടെ കര്‍ഷകരുടെ എണ്ണം 20000ത്തിലേക്ക് ഉയരുകയായിരുന്നു. ഇവര്‍ക്ക് നഗരത്തിലെത്താന്‍ സിയോണില്‍ നിന്ന് ബസ് ഏര്‍പ്പാടാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് അറിയിക്കുകയായിരുന്നു. എല്ലാവര്‍ക്കും കാണാനാണ് ഈ മാര്‍ച്ച് നടത്തണമെന്നും അതിന് ശേഷം ഫട്‌നാവിസുമായി ചര്‍ച്ച നടത്താമെന്നുമായിരുന്നു ഇവരുടെ നിബന്ധന. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് സംഘടിപ്പിച്ചത് വാട്ടര്‍മാന്‍...
മാഗ്‌സസെ പുരസ്‌കാര ജേതാവ് ഡോ രാജേന്ദ്ര സിംഗാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം സമരക്കാര്‍ക്കൊപ്പം മുന്‍പന്തിയിലുണ്ട്. ഇന്ത്യയുടെ വാട്ടര്‍മാന്‍ എന്നാണ് രാജേന്ദ്ര സിംഗ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ വരള്‍ച്ച മനുഷ്യനിര്‍മിത ദുരന്തമാണെന്നും, അതിന് കാരണക്കാര്‍ സര്‍ക്കാര്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേസമയം മാര്‍ച്ചിന് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചിട്ടുണ്ട്. രാജേന്ദ്ര സിംഗിന്റെ സാന്നിധ്യമാണ് മാര്‍ച്ചിനെ പ്രശസ്തമാക്കിയത്.

സ്വാമിനാഥന്‍ റിപ്പോര്‍ട്ട്
സ്വാമിനാഥന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷക ഭൂമിയിലും വെള്ളത്തിലും കര്‍ഷകര്‍ക്ക് നിയന്ത്രണം ലഭിക്കുന്ന നിര്‍ദേശം നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. അതോടൊപ്പം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാന വില ഉറപ്പാക്കുന്ന കാര്യവും സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം. അതേസമയം കാര്‍ഷിക വായ്പ എഴുതി തള്ളണമെന്നും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഒന്നും നടപ്പാക്കിയിട്ടില്ല.

പ്രതിപക്ഷത്തിന്റെ പിന്തുണ
പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ആസാദ് മൈതാനിലെത്തി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തൊന്നാകെ സഞ്ചരിച്ച് കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇവിടെയുമെത്തിയത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പ്രകടനപത്രികയില്‍ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന കാര്യവും കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രക്ഷോഭ വേദിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ഫട്‌നാവിസിനെ കണ്ടു
ദേവേന്ദ്ര ഫട്‌നാവിസിനെ കര്‍ഷകര്‍ കണ്ട് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ ഉന്നയിച്ച കാര്യങ്ങളൊക്കെ നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് കര്‍ഷക ഭൂമിയുടെയും വായ്പയുടെയും കാര്യങ്ങളിലാണ് ഉറപ്പ് നല്‍കിയത്. മഹാരാഷ്ട്ര വിധാന്‍ ഭവനിലെത്തിയാണ് ഇവര്‍ ഫട്‌നാവിസിനെ കണ്ടത്. അതേസമയം ഗ്രാമീണ മേഖലയില്‍ഇപ്പോഴും പഴയ സാഹചര്യം തന്നെയാണ് കര്‍ഷകര്‍ക്ക് ഉള്ളതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാത്തത് കൊണ്ട് ബിജെപിയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല കര്‍ഷകര്‍.

ബിജെപിക്ക് ആശങ്കയേറുന്നു
ബിജെപിക്ക് കര്‍ഷക മാര്‍ച്ചില്‍ കടുത്ത ആശങ്കയാണ്. മഹാരാഷ്ട്രയില്‍ തുടരെ ഉണ്ടാവുന്ന മാര്‍ച്ചുകള്‍ രാജ്യത്തുടനീളമുള്ള മറ്റ് കര്‍ഷക സംഘടനകളെയും ആവേശത്തിലാക്കുമെന്നാണ് മോദി സര്‍ക്കാര്‍ ഭയപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ 2019ല്‍ മോദിക്ക് എതിരാളിയില്ലെന്ന ബിജെപിയുടെ വാദങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും. ഇപ്പോള്‍ തന്നെ മന്ദ്‌സോറില്‍ അടക്കം കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്ന് കഴിഞ്ഞു. കര്‍ഷക-ദളിത് വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യും. തിരഞ്ഞെടുപ്പ് സര്‍വേകളെല്ലാം ചൂണ്ടിക്കാണിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാവുക കര്‍ഷക പ്രക്ഷോഭങ്ങളായിരിക്കുമെന്നാണ്.












Click it and Unblock the Notifications