ഇരുന്നൂറില്‍ നിന്ന് നാല് രൂപയിലേക്ക് വീണ് തക്കാളി വില; ആന്ധ്രയില്‍ തക്കാളി വലിച്ചെറിഞ്ഞ് കര്‍ഷകര്‍
ഹൈദരാബാദ്: രണ്ട് മാസത്തോളം റെക്കോര്‍ഡ് വില ലഭിച്ചിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിട്ടുന്നത് തുച്ഛമായ വില. ആന്ധ്രപ്രദേശില്‍ നിന്ന് കര്‍ഷകരുടെ ദയനീയമായ അവസ്ഥയാണ് കാണാനാവുന്നത്. കര്‍ണൂലില്‍ കര്‍ഷകര്‍ തക്കാളി കൂട്ടത്തോടെ തെരുവില്‍ വലിച്ചെറിഞ്ഞിരിക്കുകയാണ്. അത്രയ്ക്കും തുച്ഛമായ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കിലോയ്ക്ക് ഇരുന്നൂറ് രൂപ വരെ തക്കാളിക്ക് നേരത്തെ ലഭിച്ചിരുന്നു.
പല കര്‍ഷകരും അതുവഴി കോടീശ്വരന്മാര്‍ വരെയായിരുന്നു. നിലവില്‍ കിലോയ്ക്ക് നാല് രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. വളരെ കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ വില കുറഞ്ഞതോടെ തക്കാളി എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്. ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്രയും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് കൊണ്ട് തക്കാളി ആരും വാങ്ങാത്ത സാഹചര്യമാണ് ഉള്ളത്.

നിരാശപ്പെട്ട് നില്‍ക്കുന്ന കര്‍ഷകര്‍ കര്‍ണൂല്‍ ജില്ലയിലെ കാര്‍ഷിക മാര്‍ക്കറ്റില്‍ കിലോക്കണക്കിന് തക്കാളികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇവ മാര്‍ക്കറ്റിലാകെ ചിതറി കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഴ പെയ്തതിനാല്‍ ചെളിയില്‍ പുതഞ്ഞ് നില്‍ക്കുകയാണ് ഈ മാര്‍ക്കറ്റ്. അവിടെയാണ് ഇവര്‍ തക്കാളികള്‍ ഉപേക്ഷിച്ചത്. ആരും വാങ്ങാനില്ലാത്തത് കൊണ്ടാണ് ഈ സാഹചര്യം വന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
നാല് രൂപയ്ക്ക് തക്കാളി വില്‍ക്കുന്നത് കര്‍ഷകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്തതാണ്. ഇവ വിളവെടുത്ത് മാര്‍ക്കറ്റിലെത്തിക്കുന്ന ചെലവ് വളരെയധികമാണെന്നും കര്‍ഷകര്‍ പറയുന്നു. അതുകൊണ്ട് ഇവ വില്‍ക്കാനും സാധിക്കുന്നില്ല. വിളവെടുത്ത തക്കാളികള്‍ പലതും ഇവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. ഇവ തിരിച്ചുകൊണ്ടു പോയാലും ഒന്നും ചെയ്യാനില്ലെന്നും കര്‍ഷകര്‍ പറയുന്നു.
നേരത്തെ 250 രൂപ വരെ തക്കാലിയുടെ വില ഉയര്‍ന്നിരുന്നു. വര്‍ഷകാലത്തായിരുന്നു ഇത്ര വില. ഇത് പിന്നീട് കുറഞ്ഞിരുന്നു. 250 രൂപ വരെ ഉത്തരാഖണ്ഡിലെ മാര്‍ക്കറ്റിലായിരുന്നു വില ഈടാക്കിയിരുന്നത്. എന്നാല്‍ കാലവര്‍ഷം മാറിയതോടെ വിലയും ഇടിഞ്ഞിരിക്കുകയാണ്. ജോലിക്കാര്‍ക്ക് നല്‍കുന്ന പണവും, ഗതാഗത ചെലവുമെല്ലാം നോക്കുമ്പോള്‍ മാര്‍ക്കറ്റിലേക്ക് തക്കാളി കൊണ്ടുവരുന്നത് വലിയ നഷ്ടമാണ് സമ്മാനിക്കുകയെന്ന് കര്‍ഷകര്‍ പറയുന്നു.
ഇപ്പോള്‍ കിട്ടുന്ന വില കൊണ്ട് സാധാരണ ഗതാഗതം പോലും സാധ്യമാകുന്നില്ല. വാഹനങ്ങളില്ലാതെ ഇവ മാര്‍ക്കറ്റിലെത്തിക്കാനാവില്ല. അതിന് ചെലവാക്കുന്ന തുക പോലും ഇപ്പോഴത്തെ തക്കാളി വിലയില്‍ നിന്ന് ലഭിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് തക്കാളി മാര്‍ക്കറ്റിലേക്ക് എത്തുന്നത് കുറഞ്ഞിരുന്നു. പ്രധാന കാരണം കൃഷിയെ മഴ ബാധിച്ചത് കൊണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ തക്കാളി വില വര്‍ധിക്കാന്‍ കാരണമായത്.












Click it and Unblock the Notifications