ട്വിറ്ററിന്റെ ഓഫീസില്‍ റെയ്ഡുമായി ദില്ലി പോലീസ്, ടൂള്‍ കിറ്റ് കേസില്‍ പിടിമുറുക്കി കേന്ദ്രം
ദില്ലി: ടൂള്‍ കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ദില്ലി ഓഫീസില്‍ ദില്ലി പോലീസിന്റെ റെയ്ഡ്. കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാരിനെ തരംതാഴ്ത്തി കാണിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കി എന്നാണ് ആരോപണം. ഇക്കാര്യം നേരത്തെ ബിജെപി നേതാവ് സംപിത് പത്ര ട്വീറ്റ് ചെയ്തപ്പോള്‍ അത് ട്വിറ്റര്‍ മാനിപുലേറ്റഡ് മീഡിയ ടാഗ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. ട്വിറ്ററിന്റെ ലഡോ സരായിയിലെയും ഗുഡ്ഗാവിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.

നേരത്തെ ട്വിറ്ററിന്റെ നടപടിയില്‍ വിശദീകരിച്ച് ചോദിച്ച് സ്‌പേഷ്യല്‍ സെല്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് സംഘം ട്വിറ്ററിന്റെ ഓഫീസുകളില്‍ എത്തിയത്. അതേസമയം പരിശോധയ്ക്കല്ല എത്തിയതെന്ന് ദില്ലി പോലീസ് വിശദീകരിക്കുന്നു. നോട്ടീസ് നല്‍കാനാണ് പോയതെന്നാണ് പറയുന്നത്. ട്വിറ്ററിന് പോലീസിന് അറിയാത്ത ചില വിവരങ്ങളെ കുറിച്ച് അറിയാമെന്നും, അതിനെ കുറിച്ച് അന്വേഷിക്കാനുമാണ് എത്തിയതെന്ന് പോലീസ് പറയുന്നു. ട്വിറ്റര്‍ ഈ സത്യങ്ങള്‍ തുറന്ന് പറയണമെന്നും ദില്ലി പോലീസ് പറഞ്ഞു.
കൊറോണവൈറസിന്റെ പുതിയ വകഭേദം ഇന്ത്യന്‍ വകഭേദമാണെന്നും മോദി വകഭേദമാണെന്നും കോണ്‍ഗ്രസ് ടൂള്‍ കിറ്റിലൂടെ പ്രചരിപ്പിച്ചു എന്നും ബിജെപി ആരോപിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ചതാണ് ഈ ടൂള്‍കിറ്റെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വളച്ചൊടിച്ച കാര്യമാണ് ഇതെന്നും ട്വിറ്ററും പറയുന്നു. എന്നാല്‍ ഈ ടൂള്‍കിറ്റ് വളച്ചൊടിച്ചതാണെന്ന് എങ്ങനെ കണ്ടെത്തിയെന്നാണ് ദില്ലി പോലീസിന്റെ ചോദ്യം. ട്വിറ്ററിന് പോലീസിന് അറിയാത്ത കാര്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് ഇത്തരത്തില്‍ നടപടിയുണ്ടായതെന്നും പോലീസ് പറഞ്ഞു.
Recommended Video
അതേസമയം ബിജെപിക്കെതിരെ വ്യാജ പ്രചാരണത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, സംപിത് പത്ര എന്നിവര്‍ക്കെതിരെ കൃത്രിമ രേഖയുണ്ടാക്കിയെന്ന പരാതിയാണ് നല്‍കിയത്. കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഡ് യൂണിറ്റിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ എന്‍എസ്‌യുഐയും പരാതി നല്‍കിയിട്ടുണ്ട്. സംപിത് പത്രയ്ക്കും രമണ്‍ സിംഗിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications