കോണ്‍ഗ്രസിനെ വിറപ്പിച്ച അന്വേഷണം; ചിദംബരത്തെ കുരുക്കിയ കേസുകള്‍... ഇഡി ഓഫീസര്‍ ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ ബിജെപിയിലേക്ക്. രാജേശ്വര്‍ സിങ് ആണ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ജോലി മതിയാക്കി അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഎ സര്‍ക്കാരിനെ വെട്ടിലാക്കിയ നിരവധി കേസുകള്‍ അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിങ്. ഇഡിയെ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം നിലനില്‍ക്കവെയാണ് ഇഡി ഉദ്യോഗസ്ഥന്‍ ബിജെപിയില്‍ ചേരുന്നത്.
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍
സഹോദരിയാണ് രാജേശ്വര്‍ സിങിന്റെ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സരിച്ചേക്കുമെന്നും സൂചനയുണ്ട്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിരെ കുരുക്കിയ പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥനായി ഇദ്ദേഹമുണ്ടായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

രാജേശ്വര്‍ സിങ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ വിദഗ്ധനായി നേരത്തെ അറിയപ്പെട്ടിരുന്ന ഓഫീസറാണ് രാജേശ്വര്‍. പി ചിദംബരത്തെ വെട്ടിലാക്കിയ എയര്‍സെല്‍ മാസ്‌കിസ് കേസ്, യുപിഎ സര്‍ക്കാരിനെ കുരുക്കിയ 2ജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി, അഗസ്റ്റവെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി എന്നിവ അന്വേഷിച്ച സംഘത്തില്‍ രാജേശ്വര്‍ സിങുമുണ്ടായിരുന്നു.

രാജേശ്വറിന്റെ സഹോദരിയും അഭിഭാഷകയുമായ അഭ സിങ് ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പരസ്യമാക്കിയത്. ജോലി മതിയാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് വിവരം. സര്‍വീസില്‍ നിന്ന് വിരമിച്ച് രാജ്യസേവനത്തിന് ഇറങ്ങുന്ന സഹോദരന് ആശംസകള്‍ എന്നാണ് അഭയുടെ ട്വീറ്റ്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ജോയന്റ് ഡയറക്ടറായി സേവനം അനുഷ്ടിക്കുകയാണ് നിലവില്‍ രാജേശ്വര്‍ സിങ്.

ഉത്തര്‍ പ്രദേശ് പോലീസിലായിരുന്നു നേരത്തെ രാജേശ്വര്‍ സിങ്. പിന്നീട് ഡെപ്യൂട്ടേഷനില്‍ ഇഡിയില്‍ എത്തുകയായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയിലാണ്. ഈ വേളയിലാണ് രാജേശ്വര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇറങ്ങുന്നത്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. മല്‍സരിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ് രാജേശ്വര്‍ സിങ്. എന്‍ജിനിയറിങിലും നിയമത്തിലും ബിരുദം നേടിയ അദ്ദേഹം ഐപിഎസ് എടുക്കുകയായിരുന്നു. 2009 മുതല്‍ ഇഡിയില്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തിയ ഒട്ടേറെ അഴിമതി കേസുകള്‍ അന്വേഷിച്ചതില്‍ രാജേശ്വര്‍ സിങുമുണ്ടായിരുന്നു.

രാജേശ്വര്‍ സിങിനെ കേന്ദ്ര ഏജന്‍സിയില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ധനമന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇഡിയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കം അന്നത്തെ ധനമന്ത്രി പി ചിദംബരം തടഞ്ഞു. ഇഡിയില്‍ സര്‍വീസ് കാലാവധി നീട്ടാനുള്ള ഫയലുകളില്‍ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല എന്നായിരുന്നു ഇഡിയുടെ നിലപാട്.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇദ്ദേഹത്തിന് കൂടുതല്‍ അധികാരം കൈവന്നു. എങ്കിലും ചില ബിജെപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രാജേശ്വര്‍ സിങിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിനെതിരായ വാദങ്ങളെല്ലാം 2016ല്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞു.

2018ല്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനിന്നിരുന്ന വിവാദങ്ങളില്‍ രാജേശ്വര്‍ സിങിന്റെ പേരും പറഞ്ഞുകേട്ടിരുന്നു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലായിരുന്നു അന്നത്തെ തര്‍ക്കം. ഇതിന് പിന്നില്‍ രാജേശ്വര്‍ സിങിന് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ ഉയര്‍ന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജേശ്വറിന്റെ പേരും ഉണ്ടായിരുന്നു.












Click it and Unblock the Notifications