ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം; പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ഗ്രൂപ്പ്-എ ഓഫീസര്‍മാരെ മാറ്റുന്നതിനും അച്ചടക്ക നടപടികള്‍ക്കുമായി നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ദില്ലിയിലെ സേവനങ്ങളുടെ നിയന്ത്രണം സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിന് കൈമാറി ഒരാഴ്ചയ്ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങുന്നത്.
സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനും അതിന് നിയുക്തമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി എന്നറിയപ്പെടുന്ന ഒരു അതോറിറ്റി ഉണ്ടായിരിക്കും.

പുതിയ അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവർണർക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനാവുക. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരുള്ളവരുടെയും വോട്ടുചെയ്യുന്നവരുടെയും ഭൂരിപക്ഷം വോട്ടുകളാല്‍ തീരുമാനിക്കും. അതോറിറ്റിയുടെ എല്ലാ ശുപാര്‍ശകളും മെമ്പര്‍ സെക്രട്ടറിയാണ് ആധികാരികമാക്കേണ്ടത്. സുപ്രീം കോടതി വിധിയിലൂടെ പൂർണാധികാരം മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത് മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടു വന്നതെന്നാണ് ആംആദ്മി വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം, ഉദ്യോഗസ്ഥ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് കേന്ജ്ര സര്‍ക്കാരിനെതിരെ ദില്ലി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍വീസസ് സെക്രട്ടറി ആശിഷ് മോറയെ സ്ഥലമാറ്റാന്‍ തീരുമാനിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനായി പ്രത്യേക ബെഞ്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. ദില്ലി സര്‍ക്കാരിന് സ്ഥലമാറ്റ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ പക്ഷം.












Click it and Unblock the Notifications