കന്നിയങ്കത്തില്‍ ഞെട്ടിച്ച് തിപ്ര മോത; മേഘാലയയില്‍ കോണ്‍ഗ്രസിനെ പൂർണ്ണമായി വിഴുങ്ങി ടിഎംസി

അഗർത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മൂന്നിടത്തും ബി ജെ പിയും സഖ്യക്ഷികളും മുന്നേറ്റം തുടരുന്നതാണ് കാണാന്‍ സാധിച്ചത്. ഏവരും ഉറ്റുനോക്കുന്ന ത്രിപുരയില്‍ വലിയ കുതിപ്പാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ബി ജെ പി സഖ്യത്തിനുള്ളത്. ആകെയുള്ള 38 സീറ്റിലാണ് ബി ജെ പിയും സഖ്യകക്ഷിയും ലീഡ് ചെയ്യുന്നത്. മറുവശത്ത് സി പി എം - കോണ്‍ഗ്രസ് സഖ്യമാവട്ടെ 8 സീറ്റുകളുമായി വളരെ പിന്നിലാണ്.
ത്രിപുരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നത് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോതയാണ്. രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഈ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു പ്രദ്യോത് സ്വന്തം പാർട്ടി രൂപീകരിച്ചത്. പ്രത്യേക ഗോത്ര വർഗ്ഗ സംസ്ഥാനമെന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന പാർട്ടി ഇപ്പോള്‍ 14 സീറ്റുകളിലാണ് ത്രിപുരയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് ട്രിപ മോതയുമായി സഖ്യമുണ്ടാക്കാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റുകളുടെ കാര്യത്തിലും പ്രത്യേക സംസ്ഥാനമെന്ന വാദവും വിലങ്ങ് തടിയായി. തൂക്ക് സഭയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ട്രിപ മോതയുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്ത് എത്തുകയുണ്ടായി.
മേഘാലയില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുന്ന പാർട്ടി മമത ബാനർജിയുടെ ടി എം സിയാണ്. 12 സീറ്റിലാണ് പാർട്ടിയിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ആകെ 0.9 വോട്ട് മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ പാർട്ടി വലിയ മുന്നറ്റം കാഴ്ചവെക്കുന്നു. ഒരു സീറ്റും നേടിയില്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങള്‍ കൂറുമാറിയെത്തിയതോടെ സഭയില്‍ ടി എം സിക്ക് ഇപ്പോള്‍ എട്ട് അംഗങ്ങളുണ്ട്. 2018 ല്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കില്ല. വോട്ട് ബാങ്ക് പൂർണ്ണമായും ടി എം സിയിലേക്ക് പോവുന്ന കാഴ്ചയാണ് ഉള്ളത്.
മേഘാലയില്‍ ഭരണകക്ഷിയായ എന്‍ പി പി 24 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റില്‍ മാത്രം വിജയിച്ച ബി ജെ പിയാവട്ടെ ഇത്തവണ 10 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. പ്രാദേശിക പാർട്ടിയും സ്വതന്ത്രരും ഉള്‍പ്പടേയുള്ള മറ്റ് കക്ഷികള്‍ 11 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.












Click it and Unblock the Notifications