ത്രിപുര ഫലം: ടിപ്ര മോതയ്ക്ക് പിന്നാലെ സിപിഎമ്മും ബിജെപിയും; പ്രദ്യോതിന് വന്‍ ഓഫര്‍
ത്രിപുരയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ടിപ്ര മോത അപ്രതീക്ഷിത നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗോത്ര മേഖലയില്‍ നിന്ന് വലിയ പിന്തുണ ടിപ്ര മോതക്ക് ലഭിച്ചു എന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്

അഗര്‍ത്തല: ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമം ആരംഭിച്ച് പാര്‍ട്ടികള്‍. സംസ്ഥാനത്ത് കിംഗ്മേക്കറായ പ്രദ്യോത് ദേബര്‍മ്മയുടെ ടിപ്ര മോതയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബി ജെ പിയും ഇടത് സഖ്യവും ആരംഭിച്ചിട്ടുണ്ട്. ഫലസൂചനകള്‍ പ്രകാരം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാര്‍ട്ടികള്‍ കാഴ്ച വെച്ചിരിക്കുന്നത്. നിലവില്‍ ബി ജെ പി സഖ്യത്തിന് 29 സീറ്റില്‍ ആണ് ലീഡ് ലഭിച്ചിരിക്കുന്നത്.
സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് 18 സീറ്റില്‍ ലീഡുണ്ട്. ടിപ്ര മോത 11 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് ആണ് വേണ്ടത് എന്നിരിക്കെ ടിപ്ര മോതയുടെ നിലപാട് നിര്‍ണായകമാകും. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബി ജെ പി സഖ്യത്തിന് തയ്യാറാണ് എന്ന് പ്രദ്യോത് ദേബര്‍മ്മയുടെ അനുയായി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രത്യേക സംസ്ഥാനം തരുന്നവര്‍ക്കൊപ്പം
ടിപ്രലാന്റ് എന്ന പ്രത്യേക സംസ്ഥാനം വേണം എന്നാണ് ടിപ്ര മോതയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാമെന്ന് എഴുതി നല്‍കുന്നവരോട് സഹകരിക്കാം എന്നാണ് ടിപ്ര മോതയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നതിനാല്‍ ബി ജെ പിക്കൊപ്പം പോകാനായിരിക്കും ടിപ്ര മോത തയ്യാറെടുക്കുക. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ടിപ്ര മോതയുമായി സഖ്യത്തിന് തയ്യാറാണ് എന്ന് സി പി എം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യാന്‍ സിപിഎം
നിലവിലെ സാഹചര്യത്തില്‍ ടിപ്ര മോതക്ക് മുഖ്യമന്ത്രി സ്ഥാനം പോലും നല്‍കി ബി ജെ പി അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സി പി എം - കോണ്‍ഗ്രസ് സഖ്യം ശ്രമിച്ചേക്കും. ത്രിപുരയിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണം എന്നാണ് ടിപ്ര മോതയുടെ ആവശ്യം.

എംഎല്‍മാരെ കൂറുമാറ്റാന്‍ ബിജെപി
സി പി എമ്മിനൊപ്പം പോകാം എന്ന് പ്രദ്യോത് ദേബര്‍മ്മ സമ്മതിച്ചാലും എം എല്‍ എമാരെ കൂടെ നിര്‍ത്തുക എന്ന അഗ്നിപരീക്ഷയും അദ്ദേഹത്തിന് നേരിടേണ്ടി വന്നേക്കാം. ടിപ്ര മോതയിലെ ചില പ്രമുഖ നേതാക്കള്‍ ബി ജെ പിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

ടിപ്ര മോത കിംഗ്മേക്കര്‍
എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഫലം വന്നതിന് ശേഷം ടിപ്ര മോതയുമായി സഖ്യമുണ്ടാക്കുന്നതില്‍ താല്‍പര്യമുണ്ടെന്ന് സി പി എം ചൊവ്വാഴ്ച പറഞ്ഞിരുന്നു. പ്രദ്യോത് ദേബര്‍മ്മയുടെ പോരാട്ടം ബി ജെ പിക്കെതിരെ ആണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞിരുന്നു.












Click it and Unblock the Notifications