ഗോഡ്‌സെയുടെ ആശയം ശക്തിപ്പെടുന്നു; അമൃത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വിഷമെന്ന് തുഷാര്‍ ഗാന്ധി
മുംബൈ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ആധിപത്യം പ്രാപിക്കുകയാണെന്ന് ഗാന്ധിയുടെ ചെറുമകനായ തുഷാര്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ മഹാരാഷ്ട്രയിലെ ജെ ഇ എസ് കോളേജിലെ ഗാന്ധി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ പാത പിന്തുടരുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുമ്പോള്‍ സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിഷം പടരുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പ്രചരിപ്പിക്കുന്ന 'അമൃത്' എന്നത് വെറുപ്പിന്റെയും വര്‍ഗീയതയുടെയും വിഷമുനകള്‍ കൊണ്ട് രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പഠനങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രം അതിന്റെ മേല്‍ ആധിപത്യം പുലര്‍ത്തുന്നു. ഒരു വിഭാഗം ആളുകള്‍ ചരിത്രത്തെ വളച്ചൊടിച്ച് അവരുടേതായ രീതിയില്‍ തിരുത്തിയെഴുതുന്നു. എന്നാല്‍ നമ്മള്‍ യഥാര്‍ത്ഥ ചരിത്രത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സമൂഹത്തിലെ വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ ശബ്ദമുയര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും സംസ്‌കാരമാണ് നാം സ്വീകരിച്ചത്. മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ നമ്മള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിഭജനം നമ്മുടെ സ്വത്വമാണ്, മാനസികാവസ്ഥയാണ്. സാമൂഹിക വ്യവസ്ഥകള്‍ വിഭജനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രം എന്നത് ഒരു അതിര്‍ത്തിയോ പതാകയോ ഭൂപടമോ മാത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു രാഷ്ട്രം എന്നത് എല്ലാ മനുഷ്യരും ജീവിക്കുന്ന ഒരു നാടാണ്, ആ രാഷ്ട്രം ഉണ്ടാക്കുന്നത് ജനങ്ങളാണ്, അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ ആശയത്തെ എതിര്‍ക്കുകയും പദ്ധതി വിജയിക്കുമോ എന്ന് സംശയം പ്രകിടപ്പിക്കുകയും ചെയ്തു. അത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുമെന്ന് പോലും ചിലര്‍ കരുതുകയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മഹാത്മാഗാന്ധി ഇതിന് മറുപടിയായി ഒരു വരി എഴുതി - കര്‍ കേ ദേഖോ- ചെയ്ത് കാണിക്കാമെന്നായിരുന്നു അത്. ദണ്ഡി മാര്‍ച്ചിന് സ്വാതന്ത്ര്യം നേടാനുള്ള ഒരു പ്രസ്ഥാനമായി മാറാന്‍ കഴിയുമെന്ന് മഹാത്മാ ഗാന്ധി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തിനെതിരെ നമ്മളും ഇന്ന് അത് തന്നെയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷവും വിഭജനവും അസമത്വവും നിറഞ്ഞ നമ്മുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ പാഠങ്ങള്‍ പിന്തുടരുകയാണെങ്കില്‍ അത് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകരായ നഥുറാം ഗോഡ്‌സെയ്ക്കും നാരായണ്‍ ആപ്‌തെയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ഹിന്ദു മഹാസഭ സ്മൃതി ദിവസ് സംഘടിപ്പിച്ചിരുന്നു.

ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ മഹാത്മാ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായ മതനേതാവ് കാളീചരണ്‍ മഹാരാജിനും നാല് നേതാക്കള്‍ക്കും ഹിന്ദു മഹാസഭ 'ഗോഡ്‌സെ-ആപ്‌തേ ഭാരതരത്‌ന' നല്‍കിയിരുന്നു. 1947-ലെ ഇന്ത്യാ വിഭജനത്തിന് മഹാത്മാ ഗാന്ധിയാണ് കാരണമെന്ന് ഈ പരിപാടിയ്ക്കിടെ ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് പറഞ്ഞിരുന്നു. ചര്‍ക്ക (മഹാത്മാഗാന്ധി ജനകീയമാക്കിയ നൂല്‍ നൂല്‍ക്കുന്ന ചക്രം) കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് വിശ്വസിക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications