മണിപ്പൂരിൽ ബീഹാറിൽ നിന്നുള്ള 2 കുടിയേറ്റ തൊഴിലാളികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ 17കാരനും
ഗുവാഹത്തി: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ബീഹാറിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾ വെടിയേറ്റ് മരിച്ചു. അജ്ഞാതനായ തോക്കുധാരിയുടെ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്ത ആളാണ്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സുനലാൽ കുമാർ (18), ദശരത് കുമാർ (17) എന്നിവർ കാക്‌ചിംഗ് ജില്ലയിലെ കെയ്‌റാക്കിൽ വച്ചാണ് വെടിയേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ രാജ്വാഹി ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. മണിപ്പൂരിൽ വംശീയ സംഘർഷം പൊട്ടിപുറപ്പെട്ടതിന് ശേഷം ഇത്തരത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്. ഈ വർഷം മെയ് മാസത്തിൽ ജാർഖണ്ഡ് സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

അതിനിടെ മണിപ്പൂരിൽ സംഘർഷ സാഹചര്യം അതേപടി തുടരുകയാണ്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു നിരോധിത സംഘടനയിലെ അംഗം കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള നിരോധിത
സംഘടനയായ പിആർഇപികെ എന്ന ഗ്രൂപ്പിലെ സായുധരായ ഏഴ് തീവ്രവാദികൾ പോലീസ് കമാൻഡോകളുടെ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. വെടിയേറ്റ ലൈശ്രം പ്രേം എന്ന വ്യക്തിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓഗസ്‌റ്റ് 13 മുതൽ പ്രേമിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് ഏറ്റുമുട്ടലിൽ പ്രേം കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ഇൻസാസ് റൈഫിളുകൾ, ഒരു അമോഗ് റൈഫിൾ, ഒരു .303 റൈഫിൾ, ഒരു എസ്എൽആർ റൈഫിൾ, 135 തരം ബുള്ളറ്റുകൾ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. മണിപ്പൂരിൽ സംഘർഷം ഉണ്ടായ ആദ്യ സമയത്ത് പോലീസ് ആയുധ ശേഖരത്തിൽ നിന്ന് മോഷ്‌ടിച്ചവയാണ് ഇവയെന്ന് പോലീസ് സംശയിക്കുന്നു.
അതിനിടെ മണിപ്പൂർ സംഘർഷം എത്രയും പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവച്ചത്. മണിപ്പൂരിലേത് ഒരിക്കലും തീവ്രവാദമോ മതപരമോ ആയ സംഘർഷം അല്ലെങ്കിലും വംശീയ സംഘട്ടനം ആണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. പ്രതിപക്ഷം ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും ഷാ ആരോപിച്ചു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച സംഘർഷം ഒന്നര വർഷം പിന്നിടുമ്പോൾ 250ലധികം ജീവനുകളാണ് വടക്കു-കിഴക്കൻ സംസ്ഥാനത്ത് നഷ്‌ടമായത്. മാത്രമല്ല ആയിരത്തിൽ അധികം പേർക്ക് വീടുകളും മറ്റും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിരുന്നു. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ അക്രമണത്തിന് ഇരയാവുന്ന സംഭവങ്ങളും ഇവിടെയുണ്ടായി.












Click it and Unblock the Notifications