കേന്ദ്രബജറ്റ് 2024: ഇടക്കാല ബജറ്റിലും 'നാരീശക്തി'; സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി
ന്യൂഡല്‍ഹി: ഇടക്കാല ബജറ്റില്‍ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലഖ്പതി ദീദി പദ്ധതിയിലെ സ്ത്രീ ഗുണഭോക്താക്കളുടെ ലക്ഷ്യം രണ്ട് കോടിയില്‍ നിന്ന് മൂന്ന് കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഒമ്പത് കോടി സ്ത്രീകളുള്ള 83 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ ഗ്രാമീണ സാമൂഹിക സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നു.
ഒരു കോടിയോളം സ്ത്രീകളെ ലഖ്പതി ദീദി ഇതിനകം സഹായിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. വര്‍ക്ക്‌ഫോഴ്‌സിലും സ്റ്റെം കോഴ്‌സുകളിലും സ്ത്രീകളുടെ ഗണ്യമായ പങ്കാളിത്തത്തെ നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. സ്ത്രീകള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുന്‍കാല സംരംഭങ്ങളും ധനമന്ത്രി ചൂണ്ടിക്കാട്ടി.

'സംരംഭകത്വത്തിലൂടെയും വികസിച്ച ജീവിത സൗകര്യത്തിലൂടെയും അന്തസിലൂടെയും സ്ത്രീ ശാക്തീകരണം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ശക്തി പ്രാപിച്ചു. വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പകള്‍ നല്‍കിയിട്ടുണ്ട്,' നിര്‍മല സീതാരാമന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തില്‍ സ്ത്രീ പ്രവേശനം 10 വര്‍ഷത്തിനുള്ളില്‍ 28% വര്‍ധിച്ചു എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്റ്റെം കോഴ്‌സുകളില്‍ പെണ്‍കുട്ടികളും സ്ത്രീകളും എന്റോള്‍മെന്റിന്റെ 43% ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ഇതെല്ലാം സ്ത്രീകളുടെ വര്‍ധിച്ച് വരുന്ന പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നു. തൊഴില്‍ ശക്തി, മുത്തലാഖ് നിയമവിരുദ്ധമാക്കുക, പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള 70% വീടുകളുടെ ഉടമകള്‍ സ്ത്രീകളായത് എന്നിവയെല്ലാം ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഒമ്പത് മുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ വാക്‌സിനേഷന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മുമ്പ് സെര്‍വിക്കല്‍ ക്യാന്‍സറിന് ഉപയോഗിച്ചിരുന്ന എച്ച്പിവി വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ കാര്യമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു. 2010 ല്‍ എച്ച്പിവി വാക്സിന്‍ എടുത്ത് ചില പെണ്‍കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ വിവാദം ഉയര്‍ന്നിരുന്നു.
ആഗോളതലത്തില്‍, സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍ കാന്‍സര്‍ എന്നിവയ്ക്ക് ശേഷം സ്ത്രീകളില്‍ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. എല്ലാ ആശാ പ്രവര്‍ത്തകരെയും അംഗനവാടി ജീവനക്കാരേയും ഉള്‍ക്കൊള്ളുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications