'കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ'? ഖാർഗെയ്ക്ക് എതിരെ സ്മൃതി ഇറാനി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിഷപ്പാമ്പിനോട് ഉപമിച്ചത് വിവാദമായിരിക്കുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവേയാണ് മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ് എന്ന് ഖാര്‍ഗെ പറഞ്ഞത്. ബിജെപി ഖാര്‍ഗെയുടെ പരാമര്‍ശം വലിയ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
വിവാദമായതോടെ പ്രധാനമന്ത്രിയെ കുറിച്ചല്ല ബിജെപിയുടെ ആശയത്തെ കുറിച്ചാണ് താൻ പറഞ്ഞത് എന്നാണ് ഖാർഗെ വിശദീകരിക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് അതാണ് ഖാര്‍ഗെയിലൂടെ പുറത്ത് വന്നത് എന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്.

'ബിജെപിയുടെ ആശയത്തെ കുറിച്ചായിരുന്നു താന്‍ പറഞ്ഞത് എന്നാണ് ഖാര്‍ഗെ ഇപ്പോള്‍ വിശദീകരിക്കുന്നത്. രാജ്യം ഒന്നാമത് എന്നുളളതാണ് ബിജെപിയുടെ ആശയം. അതിനര്‍ത്ഥം ഖാര്‍ഗെ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല കടന്നാക്രമിച്ചത്, പകരം ഇന്ത്യയെ ആണ് എന്നാണോ' എന്ന് സ്മൃതി ഇറാനി ചോദിച്ചു.
ധനമന്ത്രി നിര്‍മല സീതാരാമനും ബിജെപി എംപി തേജസ്വി സൂര്യയും കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ഇത്തരത്തില്‍ സംസാരിച്ചു എന്നുളളത് ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ അദ്ദേഹം ന്യായീകരിക്കുകയാണ്. വെറുപ്പാണ് പുറത്തേക്ക് വരുന്നത്. ഖാര്‍ഗെ മാപ്പ് പറയണം, നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.
വ്യക്തിപരമായി ഒരാളെ കടന്നാക്രമിക്കുന്ന രീതി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതും നമ്മുടെ പ്രധാനമന്ത്രിയ്ക്ക് നേര്‍ക്കുളള ആക്രമണം. കുറച്ച് കൂടി കാത്തിരിക്കൂ, മെയ് പത്താം തിയ്യതി കോണ്‍ഗ്രസിന്റെ തകര്‍ച്ച കാണാം എന്നാണ് തേജസ്വി സൂര്യ എംപിയുടെ പ്രതികരണം. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും ഖാര്‍ഗെയ്ക്ക് എതിരെ രംഗത്ത് വന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ വിഷപ്പാമ്പ് എന്ന് വിളിച്ചിരിക്കുന്നു. സോണിയാ ഗാന്ധി മോദിയെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് തുടങ്ങിയത് എവിടെ അവസാനിച്ചു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോണ്‍ഗ്രസ് ഏറ്റവും താഴ്ചയിലേക്ക് വീണ്ടും വീണു കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നില തെറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഈ അവസ്ഥയില്‍ നിന്നും വ്യക്തമാകുന്നത്', അമിത് മാളവ്യ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications