പടിഞ്ഞാറന്‍ യുപി നാളെ ബൂത്തിലേക്ക്; ജാട്ട് വോട്ടുകളില്‍ കണ്ണുവെച്ച് പാര്‍ട്ടികള്‍
ലഖ്‌നൗ: ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പരസ്യ പ്രചരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ചു. ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും ഇതിനോടനുബന്ധിച്ച് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഓരോ ഘട്ടത്തിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റോഡ് ഷോകളും റാലികളും നിരോധിച്ചതിനാല്‍ ആദ്യ ഘട്ടത്തിലെ തിരഞ്ഞെടുപ്പ് വെര്‍ച്വല്‍ ആയിട്ടായിരുന്നു.
പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് ആധിപത്യ മേഖലയിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 ജില്ലകളിലായി ആകെ 58 മണ്ഡലങ്ങളിലാണ് ഫെബ്രുവരി 10 ന് വോട്ടെടുപ്പ് നടക്കുന്നത്. ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസഫര്‍നഗര്‍, മീററ്റ് എന്നീ ജില്ലകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി ജാട്ട് സമുദായത്തില്‍ നിന്ന് 17 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. എസ് പി- ആര്‍ എല്‍ ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളേയും ജാട്ട് സമുദായത്തില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. ആര്‍ എല്‍ ഡി 12 ഉം എസ് പി ആറും ജാട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്.

പിന്‍വലിച്ചെങ്കിലും കാര്‍ഷിക നിയമത്തിനെതിരെ ജാട്ട് സമുദായം രോഷത്തിലാണ്. കരിമ്പിന്റെ കുടിശ്ശിക അടയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളും മേഖലയിലുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ ഒമ്പത് മന്ത്രിമാരാണ് നാളെ മത്സരത്തിനിറങ്ങുന്നത്. സുരേഷ് റാണ, അതുല്‍ ഗാര്‍ഗ്, ശ്രീകാന്ത് ശര്‍മ, സന്ദീപ് സിംഗ്, അനില്‍ ശര്‍മ, കപില്‍ ദേവ് അഗര്‍വാള്‍, ദിനേശ് ഖാതിക്, ഡോ. ജി.എസ്. ധര്‍മേഷ്, ചൗധരി ലക്ഷ്മി നരെയ്ന്‍ തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വലിയ പ്രചരണമാണ് നടത്തുന്നത്.

ചൊവ്വാഴ്ച, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അഖിലേഷിനായി ഉത്തര്‍പ്രദേശിലെത്തി പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പോലെ യു പിയില്‍ ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ ഒറ്റയാള്‍ പോരാട്ടം കാണുമെന്നും അഖിലേഷ് വിജയിക്കുമെന്നും മമത പറഞ്ഞു. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നാല്‍, രാഷ്ട്രീയമായും സാമ്പത്തികമായും അദ്ദേഹം നിങ്ങളെ ഇല്ലാതാക്കുമെന്നും യുപിയിലെ ജനങ്ങളോടായി മമത പറഞ്ഞു. കോണ്‍ഗ്രസ്, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോകളിലും അവരുടെ വീടുതോറുമുള്ള പ്രചാരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

സ്ത്രീകള്‍ക്കായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് പ്രിയങ്കയുടെ പ്രചരണം. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ വെര്‍ച്വല്‍ റാലികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ബി ജെ പിയുടെ പ്രചരണം. അതേസമയം, വൈകി പ്രചാരണം ആരംഭിച്ച ബിഎസ്പി അധ്യക്ഷ മായാവതി, ക്രമസമാധാനവുമായി ബന്ധപ്പെട്ട് തന്റെ സര്‍ക്കാരിന്റെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡ് ആളുകളെ ഓര്‍മ്മിപ്പിച്ചു.
Recommended Video

യു പിയിലെ പ്രധാന പോരാട്ടം ബി ജെ പിയും എസ് പി-ആര്‍ എല്‍ ഡിയും തമ്മിലാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ചില സീറ്റുകളില്‍ ബി എസ് പിക്കും നിര്‍ണായക സ്വാധീനമുണ്ട്. 2017 ല്‍ 58 ല്‍ 53 സീറ്റുകള്‍ ബി ജെ പി നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് ആര്‍ എല്‍ ഡി നേടി.












Click it and Unblock the Notifications