കൊവിഡ് കാലത്ത് ലക്ഷ്മി ദേവി എല്ലാ വീട്ടിലും വന്നു; കാരണം മോദി എന്ന് അമിത് ഷാ
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ദേശീയ നേതാക്കള്‍ സംസ്ഥാനെത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുപിയില്‍ പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയായിരുന്നു അമിത് ഷായുടെ പ്രസംഗം. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഇല്ലാതിരിക്കാന്‍ കാരണം നരേന്ദ്ര മോദിയാണ് എന്ന് അമിത് ഷാ പറഞ്ഞു. കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ ലക്ഷ്മി ദേവി എല്ലാവരുടെ വീട്ടിലും വന്നു. അതിന് കാരണം നരേന്ദ്ര മോദിയാണ്. ആര്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നില്ലെന്ന് സൂചിപ്പിച്ചാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. യുപിയിലെ അത്രോളിയില്‍ നടന്ന ബിജെപിയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

സമാജ്‌വാദി പാര്‍ട്ടി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എസ്പി ഒരിക്കലും പാവപ്പെട്ടവരെ കുറിച്ച് ചിന്തിക്കുകയോ വികസനം കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മാത്രമല്ല, മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ അവസ്ഥയും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവും മായാവതിയും എന്തെങ്കിലും നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ. പാചക വാതകം, ശൗചാലയം, വൈദ്യുതി, വീടുകള്‍ എന്നിവയെല്ലാം തന്നത് നരേന്ദ്ര മോദിയല്ലേ. കൊവിഡ് വാക്‌സിനെ ബിജെപി വാക്‌സിന്‍ എന്ന് വിളിച്ച് അഖിലേഷ് യാദവ് അധിക്ഷേപിച്ചു. നിങ്ങളെല്ലാവരും കൊവിഡ് വാക്‌സിന്‍ എടുത്തില്ലേ. അഖിലേഷ് പറയുന്നത് ഇത് ബിജെപിയുടെ വാക്‌സിന്‍ ആണെന്നാണ്. അവസാനം അവരും എടുത്തു വാക്‌സിന്‍ എന്നും അമിത് ഷാ പരിഹസിച്ചു.
അതേസമയം, അഖിലേഷ് യാദവിനെയും സഖ്യകക്ഷി നേതാവ് ജയന്ത് ചൗധരിയെയും രൂക്ഷമായി വിമര്‍ശിച്ച് യോഗി ആദിത്യനാഥ് രംഗത്തുവന്നു. അഖിലേഷ് യാദവിന് 2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് യോഗി ആരോപിച്ചു. കലാപത്തില്‍ ജാട്ടുകളെ കൊലപ്പെടുത്തിയതില്‍ അഖിലേഷിന് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഖിലേഷും ജയന്തും നല്ല ജോഡികളാണ്. ഇതേ ജോഡികള്‍ 2017ലും 2014ലുമുണ്ടായിരുന്നു. 2017ല്‍ ഇവരെ ജനം തള്ളുകയാണ് ചെയ്തതെന്നും യോഗി പറഞ്ഞു. 2017ല്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. എസ്പിയുടെ സീറ്റുകള്‍ വന്‍തോതില്‍ കുറയുകയും ചെയ്തു. ഇക്കാര്യമാണ് യോഗി സൂചിപ്പിച്ചത്.
2013ലെ കലാപത്തില്‍ ജാട്ട് സമുദായത്തില്‍പ്പെട്ട സച്ചിനും ഗൗരവും കൊല്ലപ്പെട്ടിരുന്നു. അഖിലേഷ് ആയിരുന്നു അന്ന് അധികാരത്തില്‍. കലാപകാരികളെ ലഖ്‌നൗവിലേക്ക് വിളിച്ച് ആദരിക്കുകയാണ് അന്ന് അഖിലേഷ് ചെയ്തത്. കേസെടുത്തില്ല, കുറ്റക്കാരെ ശിക്ഷിച്ചതുമില്ല. രാഹുല്‍ ഗാന്ധി ഇത് ന്യായീകരിക്കുകയാണ് ചെയ്തതെന്നും മഹാസഖ്യത്തെ കുറ്റപ്പെടുത്തി യോഗി പറഞ്ഞു. ഈ മാസം 10 മുതലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് വോട്ടിങ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications