തെരഞ്ഞെടുപ്പ് പടിവാതിലില്‍; യുപിയില്‍ ജില്ലാ അധ്യക്ഷനടക്കം നാല് പേരെ പുറത്താക്കി കോണ്‍ഗ്രസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അച്ചടക്കം ലംഘനം ചുമത്തി നാല് ഓഫീസ് ഭാരവാഹികളെ സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്. ജില്ലാ പ്രസിഡന്ഡറ് അടക്കമുള്ളവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. എ ഐ സി സി ജനറല്‍ സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. ബല്‍റാംപൂര്‍ ജില്ല അധ്യക്ഷന്‍ അനൂജ് സിംഗ്, വൈസ് പ്രസിഡന്റ് അഖര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനയ് മിശ്ര, ദീപക് മിശ്ര എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്.
ഫെബ്രുവരി 4 ന് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ സെക്രട്ടറി സത്യനാരായണ പട്ടേലിനെ ആക്രമിക്കാന്‍ നാല് പേരും ശ്രമിച്ചുവെന്നാണ് ആരോപണം. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. സത്യനാരായണ പട്ടേല്‍ മുന്‍ എം എല്‍ എയും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അടുത്തയാളുമാണ്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബല്‍റാംപൂര്‍ ജില്ലാ അധ്യക്ഷന്‍ അനൂജ് സിംഗ് പറഞ്ഞു. 'ഞാന്‍ 30 വര്‍ഷമായി പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. ഒരു ആക്രമണവും ഉണ്ടായിട്ടില്ല. ചിലര്‍ അപമര്യാദയായി പെരുമാറി, ഞങ്ങള്‍ അത് തടയാന്‍ ശ്രമിച്ചു. ഞാന്‍ എന്റെ കാര്യങ്ങള്‍ പറയുകയും സോണിയാ ഗാന്ധിയെ അറിയിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഉന്നത സ്ഥാനങ്ങളിലുള്ളവരെ കോണ്‍ഗ്രസ് പുറത്താക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞ് പോക്കും രൂക്ഷമാവുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നേതാവ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

മുതിര്‍ന്ന നേതാവും പദ്രൗണയി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന മനീഷ് ജയ്‌സ്വാളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍പിഎന്‍ സിംഗ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മനീഷ് ജയ്‌സ്വാളിന്റെയും കൂറുമാറ്റം. കുശിനഗര്‍ ജില്ലയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്കുമാര്‍ സിങ്ങും പാര്‍ട്ടി വിട്ടിരുന്നു. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖം. സംസ്ഥാനത്തെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രിയങ്കയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ ഉയര്‍ത്തി കാട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ഘടകം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

2017 ലെ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 ലും ജയിച്ച് ബി ജെ പി പി നേതൃത്വത്തില്‍ എന്‍ ഡി എ ആയിരുന്നു അധികാരത്തിലെത്തിയത്. ഇത്തവണ വന്‍ ചതുഷ്‌കോണ മത്സരത്തിനാണ് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സമാജ് വാദി പാര്‍ട്ടി, ബി എസ് പി എന്നിവരും സജീവമായി മത്സരരംഗത്തുണ്ട്. 2017 ല്‍ കോണ്‍ഗ്രസും എസ് പിയും സഖ്യമായാണ് മത്സരിച്ചിരുന്നതെങ്കിലും തകര്‍ന്നടിയുകയായിരുന്നു.












Click it and Unblock the Notifications