കൽഹാറിൽ മത്സരം കടുപ്പിക്കാൻ ബിജെപി; അഖിലേഷിനെതിരെ അപർണ യാദവിനെ മത്സരിപ്പിക്കും?
ലഖ്നൗ; നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ കന്നി പോരാട്ടത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് മുൻ യുപി മുഖ്യമന്ത്രിയും സമജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. എസ് പിയുടെ തട്ടകമായ കർഹാലിൽ നിന്നാണ് അഖിലേഷ് തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്. തിങ്കളാഴ്ച അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേസമയം മണ്ഡലത്തിൽ ബി ജെ പി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അഖിലേഷിനെതിരെ അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ അപർണ യാദവിനെ മത്സരിപ്പിച്ചേക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

1993 മുതൽ സമാജ്വാദി പാർട്ടിയുടെ ശക്തി കേന്ദ്രമാണ് കൽഹാർ. അഖിലേഷിന്റെ പിതാവും മുതിർന്ന നേതാവുമായ മുലായം സിങ് യാദവ് 5 തവണ തിരഞ്ഞെടുക്കപ്പെട്ട, ലോക്സഭാ മണ്ഡലമായ മെയിൻപുരിയിൽ ഉൾപ്പെട്ട നിയമസഭ മണ്ഡലമാണിത്. ഒരു തവണ മാത്രമാണ് മണ്ഡലത്തിൽ നിന്നും എസ് പി സ്ഥാനാർത്ഥിക്ക് പരാജയം രുചിക്കേണ്ടി വന്നത്, 2002 ൽ.

അന്ന് ബിജെപി സ്ഥാനാർത്ഥിയായ സോവ്റൺ സിംഗ് ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. പിന്നീട് അദ്ദേഹം സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു. 2007 ന് ശേഷം എസ്പി മണ്ഡലം തിരിച്ച് പിടിച്ചു. പിന്നീട് നേതൃത്വത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബിജെപി തരംഗം ആഞ്ഞടിച്ച 2017 ൽ പോലും 38,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എസ് പി ഇവിടെ ജയിച്ചത്.

അതേമയം ഇക്കുറി കൽഹാറിൽ അത്ഭുതം സംഭവിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അഖിലേഷിനെതിരെ അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ അപർണ യാദവിനെ ഇറക്കി മണ്ഡലം ബി ജെ പി പിടിക്കുമോയെന്നതാണ് ചോദ്യം. ജനവരി 19 നായിരുന്നു സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി
മുലായത്തിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യയായ അപർണ യാദവ് ബിജെപിയിൽ ചേർന്നത്.

അന്ന് മുതൽ അഖിലേഷിനെതിരെ അപർണ മത്സരിക്കുമോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2017 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച അപർണ പരാജയം രുചിച്ചിരുന്നു. ലഖ്‌നൗ കന്റോൺമെന്റ് സീറ്റിൽ നിന്നായിരുന്നു അപർണ മത്സരിച്ചിരുന്നത്. അന്ന് ബി ജെ പിയുടെ റീത്ത ബഹുഗുണ ജോഷിയോടായിരുന്നു തോൽവി ഏറ്റുവാങ്ങിയത്.

അപർണയെ ലഖ്നൗ കന്റോൺമെന്റ് സീറ്റിൽ നിന്ന് തന്നെ ബി ജെ പി മത്സരിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ബി ജെ പി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അപർണയെ കർഹാലിൽ മത്സരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നത്. ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടാൽ താൻ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണെന്നാണ് അപർണയുടെ നിലപാട് എന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം രാഷ്ട്രീയ അടിത്തറ ഇല്ലാത്ത അപർണയ്ക്ക് കൽഹാറിൽ യാതൊരു മാറ്റവും ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് സമാജ്വാദി പാർട്ടി നേതാക്കൾ പറയുന്നത്. മാത്രമല്ല ക്ഷത്രിയ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് അവർ. അതിനാൽ തന്നെ എസ് പിയുടെ പിന്നോക്ക വോട്ട് ബാങ്കിൽ തൊടാൻ പോലും കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.

2012 ൽ 224 സീറ്റ് നേടിയ യു പിയിൽ അധികാരം പിടിച്ച എസ് പിക്ക് ലഭിച്ചത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 47 സീറ്റുകൾ മാത്രമായിരുന്നു. മുലായം കുടുംബത്തിലെ പടലപിണക്കങ്ങളും മുലായത്തിന്റെ സഹോദരൻ ശിവപാൽ യാദവിന്റെ പാർട്ടിയിൽ നിന്നുള്ള പുറത്തുപോക്കുമെല്ലാം തിരിച്ചടി കാരണമായിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും പാർട്ടി വലിയ തോൽവിയാണ് രുചിച്ചത്. തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുലായം കുടുംബത്തിലെ നേതാക്കളെല്ലാവരും ഇക്കുറി അഖിലേഷിന് പിന്നിൽ ഉറച്ച് നിൽക്കുകയാണ്. ശിവപാൽ യാദവ് എസ്പിയിലേക്ക് മടങ്ങിയെത്തിയതും പാർട്ടിക്ക് ഇക്കുറി കരുത്തായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications