അസം ഖാനെതിരെ കാസിം ഖാന്‍; രാജകീയ പോരാട്ടത്തിനൊരുങ്ങി യുപി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാംപൂരില്‍ നടക്കാനിരിക്കുന്നത് രാജകീയ പോര്. സമാജ് വാദി പാര്‍ട്ടിയുടെ അസംഖാനും കോണ്‍ഗ്രസിന്റെ കാസിം അലി ഖാനുമാണ് രാംപൂരില്‍ മത്സരിക്കുന്ന പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍. 1980 മുതല്‍ ഒമ്പത് തവണ രാംപൂരില്‍ നിന്ന് ജയിച്ചയാളാണ് അസം ഖാന്‍. പ്രദേശത്തെ രാജകുടുംബാംഗമാണ് നവേദ് മിയാന്‍ എന്ന കാസിം അലി ഖാന്‍. ഇതാണ് ഇവരുടെ പോരാട്ടത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നതും. രാംപൂര്‍ കിംഗ് ഖാന്‍ എന്നാണ് മുഹമ്മദ് അസം ഖാന്റെ വിളിപ്പേര്. സമാജ് വാദി പാര്‍ട്ടിയിലും രാംപൂരിലും ചോദ്യം ചെയ്യാപ്പെടാനാവാത്ത നേതാവാണ് അസം ഖാന്‍.
സമാജ്വാദി പാര്‍ട്ടിയില്‍ അസം ഖാന്റെ സ്വാധീനമാണ് രാംപൂര്‍ സീറ്റില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അഖിലേഷ് യാദവ് നിര്‍ബന്ധിതനായത്. ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഏകദേശം രണ്ട് വര്‍ഷമായി അസം ഖാന്‍ ജയിലിലാണ്. ജയിലില്‍ നിന്നാണ് അദ്ദേഹം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2020 ഫെബ്രുവരിയില്‍ അദ്ദേഹം രാംപൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ രാംപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എം പിയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയാണ് രാംപൂരിലെ നിലവിലെ എം എല്‍ എ. മകന്‍ അബ്ദുള്ള അസം ഖാന്‍ സുവാര്‍ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ജനവിധി തേടുന്നു. 10-ാം വിജയം തേടിയെത്തുന്ന അസം ഖാന് വെല്ലുവിളി ഉയര്‍ത്തുന്നത് നവാബ് കാസിം അലി ഖാനാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലെ നാട്ടുരാജ്യമായിരുന്ന രാംപൂരിലെ രാജകുടുംബാംഗത്തിലെ പിന്‍ഗാമിയാണ് കാസിം അലി ഖാന്‍. രാംപൂരിലെ ഭരണാധികാരിയെ സ്വാഗതം ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 15 ഗണ്‍ സല്യൂട്ട് നല്‍കാറുണ്ടായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ റാസ അലി ഖാന്‍ ബഹാദൂര്‍ ആയിരുന്നു രാംപൂരിലെ നവാബ്.

അദ്ദേഹത്തിന്റെ ചെറുമകനാണ് കാസിം. കാസിമിന്റെ മാതാപിതാക്കള്‍ ഏഴ് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി രാംപൂര്‍ ലോക്സഭാ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. പിതാവ് സയ്യിദ് സുല്‍ഫിക്കര്‍ അലി ഖാന്‍ 1960 മുതല്‍ 1980 വരെ അഞ്ച് തവണ രാംപൂര്‍ ലോക്സഭാ സീറ്റില്‍ വിജയിച്ചു. അമ്മ ബീഗം നൂര്‍ ബാനോ 1990-കളില്‍ രണ്ടുതവണ ഈ സീറ്റില്‍ വിജയിച്ചു. നാല് തവണ എം എല്‍ എയായ കാസിം അലി ഖാന്‍ തന്റെ അമ്മ ബീഗം നൂര്‍ ബാനോ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 1996-ല്‍ രാംപൂര്‍ ജില്ലയിലെ ബിലാസ്പൂര്‍ സീറ്റില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.

പിന്നീട്, 2002, 2007, 2012 വര്‍ഷങ്ങളില്‍ അസംഖാന്റെ മകന്‍ അബ്ദുള്ള മത്സരിക്കുന്ന സുവാര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. രാജകീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന രാംപൂര്‍ ജില്ലയിലെ മറ്റൊരു നിയമസഭാ സീറ്റാണ് സുവാര്‍. ഇവിടെ കാസിമിന്റെ മകന്‍ ഹൈദര്‍ അലി ഖാനെയാണ് അസം ഖാന്റെ മകന്‍ അബ്ദുള്ള നേരിടുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുവാറില്‍ നിന്നുള്ള കാസിമിനെ അബ്ദുള്ള പരാജയപ്പെടുത്തിയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) മത്സരിപ്പിക്കുന്ന ആകാശ് സക്സേനയും രാംപൂരില്‍ മത്സരരംഗത്തുണ്ട്.

പതിറ്റാണ്ടുകളായി അസം ഖാന്‍ രാഷ്ട്രീയമായി ഭരിക്കുന്ന രാംപൂരില്‍ അഴിമതി വിരുദ്ധ സമര സേനാനിയെന്ന നിലയില്‍ ആകാശ് സക്സേന പ്രശസ്തി നേടിയിട്ടുണ്ട്. അസം ഖാനെ ജയിലിലടച്ച കള്ളക്കേസുകളില്‍ ഒന്ന് ആകാശ് സക്സേനയാണ് ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ രാംപൂര്‍ പോരാട്ടത്തിന്റെ ശ്രദ്ധ കാസിം അലി ഖാന്‍- അസം ഖാന്‍ ഏറ്റുമുട്ടലില്‍ തന്നെയാണ്.












Click it and Unblock the Notifications