വോട്ട് ഷെയറില്‍ വര്‍ധന, പക്ഷെ..; യുപിയില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ പ്രകടനം ഇങ്ങനെ
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും (എ ഐ എം ഐ എം) രക്ഷയില്ല. വോട്ട് ഷെയറില്‍ നേരിയ വര്‍ധനയുണ്ടായതൊഴിച്ചാല്‍ വലിയ തിരിച്ചടിയാണ് ഉവൈസിയുടെ പാര്‍ട്ടി നേരിട്ടത്. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക്ും 5,000 കടക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.43 ശതമാനം മാത്രമാണ് അസദ്ദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ വോട്ട് വിഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് കാണിക്കുന്നു.
കമര്‍ കമാല്‍-1,368 (അസംഗഢ്), ഉമൈര്‍ മദനി-3,145 (ദയൂബന്ദ്), അഭയ്രാജ്-1,340 (ജോന്‍പൂര്‍), മോയ്നുദ്ദീന്‍-754 (കാണ്‍പൂര്‍ കന്റോണ്‍മെന്റ്), സല്‍മാന്‍-463 (ലഖ്നൗ സെന്‍ട്രല്‍), റാഷിദ്-1,266 (മൊറാദാബാദ്), മൊഹിദ് ഫര്‍ഗാനി-1,771 (മൊറാദാബാദ് റൂറല്‍), ഇംറാന്‍ അഹ്മദ്-2,405 (മീററ്റ്), അബ്ദുറഹ്മാന്‍ അന്‍സാരി-2,116 (നിസാമാബാദ്), മുഹമ്മദ് ഇന്‍തിസാര്‍-2,642 (മുസഫര്‍നഗര്‍), മുഹമ്മദ് റഫീഖ്-1,363 (സന്ധില), ഇര്‍ഫാന്‍ 4,886 (ടാന്‍ഡ), യോര്‍ മുഹമ്മദ്-571 (സിറാത്തു), റഷീദ് ജമീല്‍-1,747 (ബഹ്റായിച്ച്) എന്നിങ്ങെയാണ് പലരുടേയും വോട്ട് നില.

മുസ്ലീം സമുദായങ്ങളുടെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ എ ഐ എം ഐ എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ബി എസ് പി നേതാവ് മായാവതിയുടെ വിശ്വസ്തനായിരുന്ന മുന്‍മന്ത്രി ബാബു സിങ് ഖുഷ്‌വാഹയെ കൂട്ടുപിടിച്ച് മൂന്നാം മുന്നണി രൂപീകരിച്ചായിരുന്നു ഒവൈസി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഖുഷ്‌വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടി, ഭാരത് മുക്തി മോര്‍ച്ച എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് ഭാഗീധരി പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരിലായിരുന്നു മൂന്നാം മുന്നണി രൂപീകരിച്ചത്.
പാര്‍ട്ടി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അസംഗഢിലെ മുബാറക്പൂരിലും കാര്യമായ ഓളം സൃഷ്ടിക്കാന്‍ എ ഐ എം ഐ എമ്മിനായിരുന്നില്ല. 2017 ലാണ് എ ഐ എം ഐ എം ആദ്യമായി യു പിയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 38 സീറ്റിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. എന്നാല്‍ ഒറ്റ സീറ്റിലും ജയിക്കാനായില്ല. അതേസമയം രണ്ടു ലക്ഷം വോട്ട് പാര്‍ട്ടി സ്വന്തമാക്കി. ഇത്തവണ 22 ലക്ഷത്തോളം വോട്ട് പാര്‍ട്ടി സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദളിത്- മുസ്ലീം ഫോര്‍മുല പരീക്ഷിച്ചായിരുന്നു ഒവൈസി ഇത്തവണ യു പിയില്‍ ഇറങ്ങിയത്. എന്നാല്‍ ഇത് വിജയിച്ചില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഗണ്യമായ സീറ്റ് നേടിയതോടെയാണ് ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ഒവൈസി തീരുമാനിച്ചത്.












Click it and Unblock the Notifications