കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യക്കും ജ്ഞാനപീഠ പുരസ്‌കാരം
ന്യൂഡല്‍ഹി: 58ാമത് ജ്ഞാനപീഠ പുരസ്‌കാരം ഉര്‍ദു കവി ഗുല്‍സാറിനും, സംസ്‌കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യക്കും. ജ്ഞാനപീഠ സെലക്ഷന്‍ കമ്മിറ്റിയാണ് പുരസ്‌കാര അര്‍ഹരെ പ്രഖ്യാപിച്ചത്. ഹിന്ദി സിനിമയ്ക്കും ഉര്‍ദു കവിതകള്‍ക്കും മികവുറ്റ സംഭാവനകള്‍ നല്‍കിയ കവിയാണ് ഗുല്‍സാര്‍. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം ഇതിന് മുമ്പ് നേടിയിട്ടുണ്ട്.
ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മഭൂഷണ്‍, ദേശീയ അവാര്‍ഡുകള്‍ എന്നിവയെല്ലാം നേരത്തെ ഗുല്‍സാറിനെ തേടിയെത്തിയിരുന്നു. ഹിന്ദി സിനിമയിലെ ഗാനമെഴുത്തില്‍ ഗുല്‍സാര്‍ അതിപ്രശസ്തനാണ്. ജയ്‌ഹോ പോലുള്ള ഓസ്‌കര്‍ നേടിയ ഗാനങ്ങള്‍ എഴുതിയതും ഗുല്‍സാറാണ്. മാച്ചിസ്, ഓംകാര, ദില്‍സെ, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഗുല്‍സാറിന്റെ മികച്ച ഗാനങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു.

അതേസമയം ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ അധ്യക്ഷനും, സ്ഥാപകനുമാണ് ജഗദ്ഗുരു രാമഭദ്രാചാര്യ. അറിയപ്പെടുന്ന ആത്മീയാചാര്യനും, നൂറിലധികം പുസ്തകങ്ങള്‍ രചിച്ചയാളുമാണ്. പദ്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം രാമഭദ്രാചാര്യയെ 2015ല്‍ ആദരിച്ചിരുന്നു. 22ഓളം ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. പ്രതിഭാശാലിയായ കവിയും എഴുത്തുകാരനുമാണ് അദ്ദേഹം.
സംസ്‌കൃതം, ഹിന്ദി, അവധി, മൈഥിലി പോലുള്ള ഇന്ത്യന്‍ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. രണ്ട് ഭാഷകളിലെ പ്രഗത്ഭരായ എഴുത്തുകാര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്ന് ജ്ഞാനപീഠ കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗോവന്‍ എഴുത്തുകാരന്‍ ദാമോദര്‍ മൗസോവിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.












Click it and Unblock the Notifications