പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്കെതിരെ വന്‍ പ്രതിഷേധം; കരിങ്കൊടി, കല്ലേറ്... പോലീസ് കേസെടുത്തു
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ബിജെപി നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലാണ് തുടര്‍ച്ചയായി പ്രതിഷേധമുണ്ടാകുന്നത്. ബിജെപി സ്ഥാനാര്‍ഥികളെയും നേതാക്കളെയും കരിങ്കൊടി കാണിക്കുകയും ചിലയിടങ്ങളില്‍ കല്ലേറുണ്ടാകുകയും ചെയ്തു. ചളി വാരിയെറിഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത നീക്കമാണിതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.
ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധമുണ്ടായത് 12ലധികം സ്ഥലങ്ങളിലാണ്. എല്ലാം പടിഞ്ഞാറന്‍ യുപിയിലെ വിവിധ ഗ്രാമങ്ങളില്‍. ഫെബ്രുവരി 10, 14 തിയ്യതികളിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ സിവല്‍കാസ് സ്ഥാനാര്‍ഥി മനീന്ദര്‍പാല്‍ സിങിനെതിരെ ചുര്‍ ഗ്രാമത്തിലാണ് പ്രതിഷേധമുണ്ടായത്. 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സിങ് പരാതിപ്പെട്ടില്ലെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സിങിനെതിരെ കല്ലേറുണ്ടാകുകയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രചാരണ വാഹനങ്ങളില്‍ ആറ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അവര്‍ നമ്മുടെ ജനങ്ങളാണ്. അതുകൊണ്ട് പരാതിപ്പെട്ടില്ല. മാപ്പ് നല്‍കുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സിങ് പറഞ്ഞു. അതേസമയം, കല്ലേറ് നടത്തിയവര്‍ ആര്‍എല്‍ഡിയുടെ പ്രവര്‍ത്തകരാണ്. ആര്‍എല്‍ഡിയുടെ പതാകയുമായി എത്തിയവരാണ് കല്ലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. വീഡിയോ പരിശോധിച്ചാണ് കേസെടുത്തതെന്ന് സര്‍ധന പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ലക്ഷ്മണ്‍ വര്‍മ പറഞ്ഞു.
2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ പ്രദേശമാണ് പടിഞ്ഞാറന്‍ യുപി. കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള ഇവിടെയാണ് ബിജെപിക്കെതിരെ ഇത്തവണ പ്രതിഷേധം നടക്കുന്നത്. ബിജെപിക്ക് കടുത്ത പരീക്ഷണമാകും വരുന്ന തിരഞ്ഞെടുപ്പ് എന്ന സൂചനയാണിത്. ബിജെപി എംഎല്‍എമാരെ പ്രദേശത്തേക്ക് കര്‍ഷകര്‍ കടക്കാന്‍ അനുവദിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷമാണ് ഈ സാഹചര്യത്തിന് മാറ്റംവന്നത്.
ഇത്തവണ ആര്‍എല്‍ഡിയും എസ്പിയും സഖ്യത്തിലാണ്. യാദവ, മുസ്ലിം, ജാട്ട് വോട്ടുകള്‍ മഹാസഖ്യത്തിന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. 2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ മുസ്ലിങ്ങളും ജാട്ടുകളും രണ്ടു പക്ഷത്തായിരുന്നു. എന്നാല്‍ കര്‍ഷഖ സമരം ഇവരെ ഒന്നിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാട്ട് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമം നടത്തുകയാണ് ബിജെപി. കഴിഞ്ഞാഴ്ച ജാട്ട് നേതാക്കളുമായി ബിജെപി നേതൃത്വം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications